ശുദ്ധന്‍

ഞാന്‍ അനില്‍, അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു .എനിക്ക് ഒരു ജേഷ്ഠനുണ്ട് .അവന്റെ പേര് അജി എന്നാണ്‌ .ജേഷ്ഠനാണെങ്കിലും ഞാന്‍ അവനെ ചേട്ടന്‍ എന്ന് വിളിക്കാറില്ല . കാരണം അങ്ങനെ വിളിച്ചാല്‍  അവന്‍ എല്ലാ പണിയും എന്നെകൊണ്ട്‌ ചെയ്യിക്കാന്‍ തുടങ്ങും .അതുമാത്രമല്ല ജേഷ്ഠനെന്നു പറയാന്‍ അവന്‍ എന്നെക്കാള്‍ ഒന്നുരണ്ട് കൊല്ലം മുന്‍പൊന്നും ഇവിടെ വന്നിട്ടില്ല .ഒരഞ്ചോ പത്തോ മിനിട്ടിന്റെ വ്യത്യാസം മാത്രം .ഞങ്ങളില്‍ ആരാണ് ആദ്യം വന്നത് എന്ന് അറിയാവുന്നത് അമ്മക്ക് മാത്രമാണ് .അമ്മയാണെങ്കില്‍ അവന്റെ സൈടാണ്.ചിലപ്പോള്‍ ഞാന്‍ വാശിപിടിച്ചാല്‍ കുറച്ചു നേരത്തേക്ക് എന്നെ ജേഷ്ഠനായി വാഴിക്കും .ജേഷ്ഠനായി നിന്ന് അജിയെ ഭരിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല .എല്ലാവരുടെയും മുന്‍പില്‍ എപ്പോഴും അവനാണ് ജേഷ്ഠന്‍ ,അതുകൊണ്ട് അവന്‍ എന്നേക്കാള്‍ പക്വത ഉണ്ട് എന്ന് കാണിക്കാന്‍ ശബ്ദം കനപിച്ചു സംസാരിക്കുക ,എന്നോട് കല്പിക്കുക ,അധികം സംസാരിക്കാതെ ഗൌരവത്തില്‍ ഇരിക്കുക  തുടങ്ങി കലാപരിപാടികള്‍ എല്ലാം അവന്‍ കാണിക്കും .അവന്റെ ഈ മുടിഞ്ഞ ജാടയാണ് എന്നെ ചൊടിപ്പിക്കുന്നത് .

    ഞങ്ങള്‍ തമ്മില്‍ ഇങ്ങനെ തര്‍ക്കങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും ഞങ്ങളെ രണ്ടുപേരെയും ഒന്നിപ്പിക്കുന്ന ഒരു കാര്യം ഉണ്ട് .ഞങ്ങളുടെ ഒരു പൊതു ശത്രു രാകേഷ് .രാകേഷ് ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലാണ് താമസിക്കുന്നത് .ഏകദേശം രണ്ടു മാസം ആകുന്നത്തെ ഉള്ളൂ അവന്‍ ഇവിടെ വന്നിട്ട് .അവന്റെ അച്ഛന് സര്‍ക്കാര്‍ ജോലിയാണ് .ഇപ്പോ അടുത്ത്  ഇങ്ങോട്ട് സ്ഥലമാറ്റം കിട്ടി വന്നതാണ് .

     രാകേഷ് ഞങ്ങളെ പോലെയല്ല .അവന്‍ നന്നായി പഠിക്കും .പ്രത്യേഗിച്ച് സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ക്ക് ഒന്നും പോകില്ല .ആളൊരു പച്ച പാവമാണ് .പക്ഷെ എന്ത് ചെയ്യാം ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നല്ലേ പറയാറ് .അതാണ്‌ ഇവിടെയും സ്ഥിതി .ഞങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ക്ക് ഇവന്‍ ഒരു വിലങ്ങുതടിയാണ് .ഞങ്ങള്‍ കുട്ടികള്‍ ആണെങ്കിലും നാട്ടുകാരെ എങ്ങനെയൊക്കെ സഹായിക്കാന്‍ പറ്റുമോ,അങ്ങനെയൊക്കെ ഞങ്ങള്‍ അവരെ സഹായിക്കാറുണ്ട് .ഞങ്ങളുടെ സഹായങ്ങള്‍ കൂടുമ്പോള്‍ നാട്ടുകാര്‍ പതിയിരുന്നു പിടിക്കാറാണ് പതിവ് .അതിനു ശേഷം വാര്‍ത്ത വീട്ടിലെത്തും .വീട്ടിലെത്തിയാല്‍ അന്ന്  അമ്മയുടെ കൈയില്‍ നിന്നും പ്രത്യേഗ സമ്മാനങ്ങള്‍ എല്ലാം വാങ്ങിയീട്ടെ അന്ന് കിടന്നുറങ്ങൂ .
       
          അമ്മ ഞങ്ങളെ കൂടുതല്‍ ശിക്ഷിച്ചിരുന്നു .കാരണം ഞങ്ങളുടെ അച്ഛന്‍ ഗള്‍ഫിലാണ് .അമ്മക്ക് ഭയമായിരുന്നു ,അച്ഛന്‍ ഇല്ലാതെ വളരുന്ന കുട്ടികള്‍ ആയതുകൊണ്ട് വഴിതെറ്റി പോകുമോ എന്ന് .അതുകൊണ്ട് അച്ഛന്‍ തരേണ്ട സമ്മാനം കൂടിചേര്‍ത്ത് എല്ലാം അമ്മ ഒറ്റക്കാണ് തന്നിരുന്നത് .അമ്മയുടെ കൈയില്‍ നിന്നും സമ്മാനം കിട്ടികഴിഞ്ഞാല്‍ ഞങ്ങള്‍ രാത്രി കിടക്കാന്‍ നേരം ഞങ്ങള്‍ എണ്ണും ആരുടെ കാലിലാണ് കൂടുതല്‍ ചുവന്ന വരകള്‍ എന്ന് .മിക്കതും അത് അവന്റെ കാലിലായിരിക്കും .കാരണം അവനല്ലേ എന്നെകൂടി വഴിതെറ്റിക്കുന്നത് .
     
          പക്ഷെ രാകേഷ് വന്നതില്‍ പിന്നെ നാട്ടുകാര്‍ പിടിക്കുന്നത്‌ വരെ ഉള്ള സാവകാശം പോലും ഞങ്ങള്‍ക്ക് കിട്ടാതായി .എല്ലാം അമ്മ ഈ ശുധന്റെ അടുത്ത് നിന്നും ചോദിച്ചറിയും .മാലതി ടീച്ചറിന്റെ വീട്ടിലെ മാങ്ങ എറിയാന്‍ പോയതും കൃഷ്ണേട്ടന്റെ വീട്ടിലെ  സപ്പോട്ട പഴുത്തോ എന്ന് നോക്കാന്‍ പോയതും കുളത്തിലിറങ്ങി മീന്‍ പിടിക്കാന്‍ പോയതും എല്ലാം ഈ ശുദ്ധന്‍ തത്ത പറയും പോലെ അമ്മയോട് പറയും .

    രാകേഷിന്റെ ശല്യം തുടങ്ങിയതുമുതല്‍ നാട്ടിലെ ഫലമൂലതികള്‍   എല്ലാം അസാധാരണമായി വലുതാകാന്‍ തുടങ്ങി .നാട്ടിലെ മൂത്ത് തുടുത്ത മാങ്ങകളും പെരക്കകളും ഞങ്ങളെ നോക്കി കൊഞ്ഞാനം കുത്താന്‍ തുടങ്ങി .രാവിലെ സ്കൂളിലേക്ക് പോകുമ്പോഴും വൈകീട്ട് തിരിച്ചു വരുമ്പോഴും പഴുത്ത മാങ്ങകളും പെരക്കകളും കണ്ടു ഞങ്ങള്‍ക്ക് വല്ലാത്ത ഹൃദയ വേദന അനുഭവപെടാന്‍ തുടങ്ങി .മൂന്നുപേരും കൂടി ചന്തക്ക് പോയാല്‍ ഒന്നും നടക്കില്ല എന്നപോലെ ഞങ്ങളുടെ കൂടെ ഈ ശുദ്ധന്‍ ഉള്ളപ്പോള്‍ ഞങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ ഒന്നും നടക്കതെയായി .ഇനി അവനെ ഒഴിവാക്കി രണ്ടുപേരും കൂടി തനിയെ വരുന്നതുകണ്ടാല്‍ അന്ന് ചോദ്യങ്ങള്‍ ഒന്നും ഇല്ല,അമ്മയുടെ വക  സമ്മാനം ഉറപ്പാണ്‌ .

     ആയിടക്കാണ് ഞങ്ങളെ ഞെട്ടിച്ച ഒരു സംഭവം നാട്ടില്‍ നടക്കുന്നത് .സ്കൂളില്‍ പോകുന്നവഴിയില്‍ പൊന്മാന്‍ കുളം കഴിഞ്ഞു മേപ്പറബില്‍  മാലതി ടീച്ചറുടെ വീട്ടിലെ മൂവാണ്ടന്‍ മാവിന്റെ നിറയെ മൂത്തുനില്‍ക്കുന്ന മാങ്ങകള്‍ ഉള്ള ഒരു കൊമ്പ് താഴേക്കു തൂങ്ങി .കൊമ്പ് താഴെ നിന്ന് മൂന്നാള്‍ പൊക്കത്തില്‍ നിന്നിരുന്നതാണ് .മാങ്ങയുടെ ഭാരം കാരണമാണോ ,അതോ കാറ്റിനാണോ ,കൊമ്പ് താഴേക്കു തൂങ്ങി താഴെ നിന്ന് ഒരാള്‍ക്ക്‌ തൊടാവുന്ന ഉയരത്തില്‍ എത്തി .ഞങ്ങള്‍ ക്ഷമയുടെ നെല്ലിപലക കൊണ്ടോ എന്ന് ചോദിച്ചാല്‍ നെല്ലിപലകയല്ല അതിനും താഴെ പണ്ട് വീണുകിടക്കുന്ന തേക്കിന്റെ  പൂ വരെ കണ്ടു എന്ന് പറയുന്ന അവസ്ഥയില്‍ എത്തി .

     അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞങ്ങള്‍ രണ്ടാളും ഒരു പ്രതിജ്ഞ ചെയ്തു.അമ്മയുടെകൈയില്‍ നിന്ന് അടികൊണ്ടാലും ഇല്ലെങ്കിലും നാളെ ഞങ്ങള്‍ മാലതി ടീച്ചറുടെ വീട്ടിലെ മൂവാണ്ടന്‍ മാങ്ങയുടെ രുചി അറിയും .

       പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഒരു അത്ഭുതം നടന്നു .രോഗി ഇചിച്ച പാല് വൈദ്യന്‍ കല്പിച്ചപോലെ രകെഷിനു ഭയങ്കര വയറ്റിളക്കം .ഞങ്ങളുടെ ശാപം കൊണ്ടാണോ എന്നൊന്നും അറിയില്ല രാവിലെ രാകേഷിന്റെ അമ്മ ഞങ്ങളുടെ അമ്മയോട് വേലി തലക്കല്‍ നിന്ന്   അവനു സുഖമില്ലാതെ ഇരിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ ,ഞങ്ങളുടെ മനസ്സില്‍ ഒരുപാട് പഴുത്ത മൂവാണ്ടന്‍  മാങ്ങകള്‍ ഒന്നിച്ചു പൊട്ടി ചാറ് ചുണ്ടിലൂടെ താഴേക്കു ഒഴുകി വന്നു .വായിലൂറി വന്ന വെള്ളം നുണച്ച് ഇറക്കികൊണ്ട്‌ ഞങള്‍ സ്കൂളിലേക്ക് പുറപെട്ടു .

  വൈകീട്ട് സ്കൂള്‍ വിട്ട് വരുമ്പോള്‍ നേരത്തെ തീരുമാനിച്ചതുപോലെ എല്ലാവരും പോയശേഷം ഞങ്ങള്‍ സ്കൂളില്‍ നിന്നും ഇറങ്ങി .പറമ്പിലൂടെ നടന്നു പൊന്മാന്‍ കുളത്തിനു അടുത്തെത്തി .പിന്നെ രണ്ടുപേരും ഓടുകയായിരുന്നു .ഞാന്‍ ആദ്യം മാവിഞ്ചുവട്ടില്‍ എത്തി മാങ്ങ പൊട്ടിക്കാന്‍ കൈ ആഞ്ഞതും അവന്‍ എന്റെ കൈതട്ടി മാറ്റികൊണ്ട് പറഞ്ഞു ."നമ്മള്‍ ഈ മാങ്ങ പൊട്ടിച്ചാല്‍ നാളെ മാലതി ടീച്ചര്‍ അമ്മയോട് പറയും .രാകേഷ് ഇല്ലാത്ത ദിവസം നോക്കി നമ്മളാണ് ഇത് പൊട്ടിച്ചത് എന്ന് അമ്മക്ക് മനസിലാകും .നമുക്ക് മാങ്ങ തിന്നാല്‍ പോരെ അതിനു താഴേക്ക്‌ തൂങ്ങി നില്‍ക്കുന്ന ഈ മാങ്ങകള്‍ പൊട്ടിക്കണം എന്നില്ലല്ലോ "അവന്‍ പറഞ്ഞുനിര്‍ത്തി .ഞങ്ങള്‍  മാങ്ങ മാവില്‍ നിര്‍ത്തികൊണ്ട്‌ തന്നെ അടിഭാഗത്ത് നിന്ന് കാരിക്കാരി തിന്നു .നിന്ന നില്‍പ്പില്‍ ഞങ്ങള്‍ മാലതി ടീച്ചറുടെ മൂവാണ്ടന്‍ മാവിലെ നാല് മാങ്ങകള്‍ അണ്ണാന്‍ കാരിയതുപോലെ അടിഭാഗത്ത്‌ നിന്നും പകുതി വരെ കാരി തിന്നു .ശേഷിച്ച പകുതിയുമായി മാങ്ങ ട്രൌസര്‍ ഊരിപോയ കൊച്ചിനെ പോലെ നാണിച്ചു മാവില്‍ തന്നെ നിന്നു.

       ഒരു പുതിയ ആശയം നമ്മുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കും എന്ന് എനിക്ക് അന്നാണ് മനസിലായത് .അന്നുമുതല്‍ എനിക്ക് ഏട്ടനോട് ഒരു ബഹുമാനം തോന്നാന്‍ തുടങ്ങി .ചേട്ടനാര് അനിയനാര് എന്ന് പറഞ്ഞു തല്ലുകൂടിയിരുന്ന ഞങ്ങള്‍ അന്നുമുതല്‍ സുഹൃത്തുക്കള്‍ ആയി .ഞാന്‍ അക്കരെ അക്കരെ അക്കരെയിലെ ശ്രീനിവാസനെ പോലെ ചേട്ടന്റെ ദാസനകാന്‍ തയ്യാറായി .

    അണ്ണാന്‍ കാരിയതാണോ അതോ മനുഷ്യന്‍ കാരിയതാണോ എന്ന് കണ്ടുപിടിക്കാന്‍ പ്രത്യേഗിച്ച് വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ അന്ന് രക്ഷപെട്ടു .ഞങ്ങള്‍ ഈ കണ്ടുപിടുത്തം ശരിക്കും ആഘോഷിച്ചു .പിന്നീട് പലപ്പോഴും രകേഷിനു വയറിളകാന്‍ തുടങ്ങി .മാസത്തില്‍ ഒന്നോ രണ്ടോ തവണ വച്ച് രകേഷിനു വയറിളകും .അവന്റെ അമ്മ മകന് എന്തോ മറാ രോഗമാണ് എന്ന് കരുതി ആശുപത്രിയില്‍ കൊണ്ടുപോകും .വീട്ടില്‍ അലക്കാന്‍ വാങ്ങുന്ന സോപ്പ് പൊടി കുറച്ചു കുറഞ്ഞു എന്നല്ലാതെ ഈ പരിപാടികൊണ്ട് വേറെ കുഴപ്പം ഒന്നും ഉണ്ടായില്ല .രാകേഷിനെ കൊണ്ട് ഒരു ഗ്ലാസ് സ്കാഷു കുടിപ്പിക്കണം എന്നുള്ളതാണ് ആകെ ഒരു ബുദ്ധിമുട്ട് .

ആരും ഒന്നും മോഷ്ടിചിട്ടില്ലെങ്കിലും നാട്ടിലെ പഴങ്ങള്‍ എല്ലാം പഴുത്തു ചീഞ്ഞു വീഴാന്‍ തുടങ്ങി .വീഴുന്ന പഴങ്ങള്‍ക്കുള്ളില്‍ കാംബൊന്നും ഉണ്ടായിരുന്നില്ല .എല്ലാം ഏതോ കിളി തിന്നു പോയികൊണ്ടിരുന്നു.

എല്ലാം വളരെ നന്നായി പോയികൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം രാകേഷ് ഞങ്ങളുടെ പരിപാടി കണ്ടുപിടിച്ചു .അന്ന് അവനു കൊടുത്ത സോപ്പുപൊടി കുറഞ്ഞുപോയി എന്ന് തോന്നുന്നു ,രാവിലെ ലീവെടുത്ത അവന്‍ ഉച്ചക്ക് സ്കൂളില്‍ വന്നു .ഇതറിയാതെ പതിവുപോലെ ഞങ്ങള്‍ രണ്ടാളും വേട്ടക്കിറങ്ങി .ഞങ്ങള്‍ അറിയാതെ അവന്‍ ഞങ്ങളെ പിന്തുടര്‍ന്നു.വിളഞ്ഞു നില്‍ക്കുന്ന കൊക്കൊകായ പൊട്ടിക്കാതെ കൊക്കോ എടുക്കുന്ന വിദ്യ അവന്‍ ഒളിഞ്ഞു നിന്നു കണ്ടു .വൈകീട്ട് വീട്ടില്‍ വന്നു എല്ലാം അമ്മയോട് മണിമണിയായി പറഞ്ഞുകൊടുത്തു .

എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ തുടയില്‍ രണ്ടു പോള്ളിയപാടുകള്‍ മാത്രം ബാക്കിയായി .വീട്ടില്‍ കറിക്കരിയുന്ന കത്തിയുടെ കൂര്‍ത്ത അറ്റം താഴെക്കണോ മേലേക്കാണോ വളഞ്ഞിരിക്കുന്നത് എന്ന് ഞങ്ങളുടെ തുടയില്‍ നോക്കിയാല്‍ മനസിലാകും .

പിന്നെ രകേഷിനു വയറിളകിയിട്ടില്ല .അവന്‍ ഞങ്ങളുടെ വീട്ടില്‍ നിന്ന് സ്കാഷു കുടിക്കുന്ന പരിപാടി നിര്‍ത്തി .നാട്ടിലെ എല്ലാ മരങ്ങളിലും കാമ്പുള്ള കായകള്‍ ഉണ്ടാകാന്‍ തുടങ്ങി .മൂന്നുപേരും കൂടി വീണ്ടും സ്കൂളിലേക്ക് യാത്രയായി.ഇനി പുതിയൊരു തന്ത്രം കിട്ടുന്നത് വരെ കുറച്ചുകാലം ഈ ശുധന്റെ കൂടെ ഇങ്ങനെ ...