Night lights

Kandassankadavu bridge, Thrissur

Reflections

Palayam church,Trivandrum

Red river


Padmanabhaswamy temple, Trivandrum

ഇരുട്ടില്‍ സംഭവിക്കുന്നത്‌

ജോലി കഴിഞ്ഞ് ഞാന്‍ ഇന്ന് വീട്ടില്‍ എത്താന്‍ കുറച്ചു വൈകി. വൈകി എന്ന് പറഞ്ഞാല്‍ സാധാരണ ഏഴ് എഴരക്ക്‌ എത്താറുള്ളതാണ്  പക്ഷെ ഇന്ന് കുറച്ചുംകൂടി വൈകി ,സമയം എട്ടര കഴിഞ്ഞു .ബസ്റ്റോപ്പില്‍  ഇറങ്ങി കുറച്ചു ദൂരമുണ്ട് വീട്ടിലേക്കു.ഞാന്‍ നടക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഇരുട്ട് കട്ടപിടിച്ചുവന്നു.സാധാരണ രാത്രി കത്തി നില്‍ക്കാറുള്ള വഴിവിളക്കുകള്‍ എല്ലാം അണഞ്ഞു കിടക്കുന്നു .എന്തോ ഇത് ഒരു അസാധാരണ രാത്രിയായി എനിക്ക് തോന്നി .ഞാന്‍ മൊബൈല്‍ ഫോണിലെ ടോര്‍ച് ഓണാക്കി ആ വെളിച്ചത്തില്‍ നടക്കാന്‍ തുടങ്ങി .
ഒരു വീട്ടിലും യാതൊരു അനക്കവുമില്ല,എങ്ങും നിശബ്ദദ മാത്രം. നവംബര്‍ രാത്രി കുറേശെ തണുക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരും തണുത്ത് മരവിച്ചു നേരത്തെ ഉറങ്ങി കാണും. എനിക്ക് കുറേശെ തണുപ്പ് തോന്നിത്തുടങ്ങി .ഞാന്‍ വേഗത്തില്‍ നടന്നു .എന്റെ കാലടി ശബ്ദം ചെവികളില്‍ പെരുമ്പറ  പോലെ മുഴങ്ങി കേട്ടു .
"എന്താ ,ഞാന്‍ മാത്രമേ ഈ ലോകത്തുള്ളൂ" എന്ന് ഒരുനിമിഷം  ഞാന്‍ ചിന്തിച്ചു പോയി .അത്രക്കും നിശബ്ദമായിരുന്നു ചുറ്റുപാടും.  
ഒന്‍പതു മണിയായപ്പോഴേക്കും ഞാന്‍ വീടെത്തി .
വീട്ടില്‍ യാതൊരു ആളനക്കവും ഇല്ല .ഞാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നതാണ് .എന്നോട് ഒരു വാക്ക് പോലും പറയാതെ എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും എങ്ങോട്ട് പോയി .എനിക്ക് ഒരു പിടിയും  കിട്ടിയില്ല.ഞാന്‍ വാതില്‍ തുറന്നു അകത്തു കയറി ഉറക്കെ വിളിച്ചു. 
അമ്മേ ...അമ്മേ......
ആരും വിളികേട്ടില്ല .ശബ്ദം ചുമരില്‍ തട്ടി എന്റെ ചെവിയിലേക്ക് തന്നെ തിരിച്ചുവന്നു.
സ്വിച്ച് കണ്ടുപിടിച്ചു ഞാന്‍ വേഗം ലൈറ്റിട്ടു .
പക്ഷെ കറന്റില്ല .
മൊബൈല്‍ എടുത്തു സ്റ്റാര്‍ ബട്ടന്‍ പ്രസ്‌ ചെയ്തു unlock  ചെയ്തു. മൊബൈല്‍ ദയനീയ ശബ്ദത്തില്‍ നിലവിളിച്ചുകൊണ്ട് പറഞ്ഞു .
" അയ്യോ ചാര്‍ജു കഴിഞ്ഞു, വേഗം ചാര്‍ജു ചെയൂ ...."പിന്നെ അത് പതുക്കെ ഉറങ്ങാന്‍ പോയി .


ഇരുട്ടില്‍ ഞാന്‍ എന്റെ വീടിന്റെ അകത്തു ചുറ്റും കണ്ണോടിച്ചു .


ഹാളിനപ്പുറത്ത് എന്റെ മുറിയില്‍ എന്തോ കിടന്നു തിളങ്ങുന്നു .
ഞാന്‍ വേഗം ചെന്ന് നോക്കി .ഇരുട്ടില്‍ എന്റെ മുന്നില്‍ മുറിയില്ലുള്ളതെല്ലാം തെളിഞ്ഞു വന്നു .
മുറിയുടെ ഒത്ത നടുവില്‍ എന്തോ ഒന്ന് കിടക്കുന്നു .ഏകദേശം ഒരു അലക്കുകല്ലിന്റെ വലിപ്പം കാണും .
ആനയുടെ പുറം പോലെ നല്ല ഉരുണ്ട പ്രതലം .
ഞാന്‍ അടുത്ത് ചെന്ന് നോക്കി .
ഒരു ബസിന്റെ എഞ്ചിന്‍ എന്റെ മുറിയുടെ ഒത്ത നടുവില്‍ കിടക്കുന്നു .
ഞാന്‍ പതുക്കെ അതിന്റെ പുറത്തിരുന്നു.
ഹോ ....എന്തൊരു ചൂട് .
പൊള്ളിയ ഭാഗം പൊത്തി പിടിച്ചുകൊണ്ട് ഞാന്‍ ചാടി എഴുനേറ്റു.
പെട്ടന്ന്  മുറിയില്‍  ഒരു ബസിന്റെ ഹോണടിക്കുന്ന ശബ്ദം മുഴങ്ങി.
ഞാന്‍ ചുറ്റും പരതി നോക്കി .
എന്റെ മുറിയുടെ മൂലയില്‍ ഒരു ബസിന്റെ ഡ്രൈവിങ്ങ് സീറ്റും സ്റ്റീയറിങ്ങും .


സീറ്റില്‍ ഇരുന്നു കാക്കി വേഷം ധരിച്ച ഒരാള്‍ എന്നെ നോക്കി ചിരിച്ചു.


ഇതെന്റെ റൂം തന്നെയല്ലേ എന്ന് ഉറപ്പിക്കാന്‍ ഞാന്‍ ചുറ്റും ഒന്നുകൂടി നോക്കി .


അപ്പോള്‍ അയാള്‍ ഒന്നുകൂടി ഹോണടിച്ചു .
ഞാന്‍ "എന്താണ് ?" എന്ന് അയാളോട് ചോദിച്ചു .
അയാള്‍ ഇരുന്നിരുന്ന സീറ്റിനടിയില്‍ നിന്നും ഒരു തലയണ വലിച്ചെടുത്തു എനിക്ക് തന്ന് ,എഞ്ചിന്റെ മുകളില്‍ ഈ തലയിണ ഇട്ട് ഇരിക്കാന്‍ പറഞ്ഞു .
ഞാന്‍ തലയിണയിലെ പൊടി തട്ടികളഞ്ഞു എഞ്ചിന്റെ മുകളില്‍ അതിട്ടു ഇരുന്നു .അയാള്‍ രണ്ടു തവണ കൂടി ഹോണടിച്ച് ഗീയര്‍ മാറ്റി വണ്ടി എടുത്തു .എന്റെ മുറി പതുക്കെ നീങ്ങാന്‍ തുടങ്ങി .ഞാന്‍ എഞ്ചിന്റെ മുകളില്‍ പൊത്തിപിടിച്ച്‌ ഇരുന്നു .വണ്ടി എന്നെയും കൊണ്ട് നീങ്ങി.വേഗത കൂടി കൂടി വന്നു .അയാള്‍ പിന്നെയും ഹോണ്‍ അടിച്ചുകൊണ്ടിരുന്നു.ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു എഞ്ചിന്റെ പുറത്തു മുറുക്കി പിടിച്ചു ഇരുന്നു.


മുറിയിലെ ക്ലോക്കില്‍ പെട്ടന്ന് മണി  പത്ത്  അടിച്ചു .
ക്ലോക്കില്‍ പത്തടിച്ചു തീരുന്നതിന് മുന്‍പേ വീട്ടില്‍ കറന്റു വന്നു.ഹാളില്‍ ഇരുന്ന ടി വി തനിയെ ഓണായി .
ഏഷ്യാനെറ്റില്‍ നിന്നും ദേവി മഹാത്മ്യം സീരിയലിന്റെ ടൈറ്റില്‍ സോങ്ങ് മുഴങ്ങി കേട്ടു  ദേ....വി ......മാഹാത്മ്യം.... 
ഞാന്‍ മുറിവിട്ടു പുറത്തിറങ്ങി .
അദ്ഭുതം എന്റെ മുന്നില്‍ എന്റെ അച്ഛനും അമ്മയും ഇരുന്നു ദേവി മഹാത്മ്യം സീരിയല്‍ കാണുന്നു .
ഞാന്‍ കണ്ണുതിരുമി നോക്കി ,കൈയില്‍ ഒന്ന് നുള്ളി നോക്കി. അതെ ഞാന്‍ കാണുന്നത് സത്യം തന്നെ ...
കാണാതായ എന്റെ അച്ഛനും അമ്മയും ഇതാ എന്റെ മുന്നിലിരുന്നു സീരിയല്‍ കാണുന്നു .
ഞാന്‍ കൈകള്‍ കൂപ്പി ദേവിക്ക് നന്ദി പറഞ്ഞു, 
ഒപ്പം K .S .E  .B  ക്കും. 
  

കഠിന തടവ്‌



Illustrator brush ടൂള്‍ ഉം മൌസും  ഉപയോഗിച്ച് വരച്ചതാണ് .  

ചീരാച്ചിയുടെ ഓര്‍മ്മകുറിപ്പുകള്‍-അമ്മ

രമണിയേച്ചിയെയാണ് ഞാന്‍ ആദ്യമായി അമ്മേ.. എന്ന് വിളിച്ചത് .ഓര്‍മയുടെ താളുകളില്‍ രമണിയേച്ചിയുടെ മാറില്‍ പറ്റിപിടിച്ചു കിടക്കുന്ന ഒരു കുഞ്ഞിന്റെ സുഖം ഇപ്പോഴും ഉണ്ട് .ബുദ്ധിയുറച്ച്
നടക്കാന്‍ തുടങ്ങിയപ്പോള്‍ ആരോ തന്നെപറ്റി പറയുന്നത് കേട്ടു,"അവന്‍ അമ്മയില്ലാത്ത കൊച്ചല്ലേ ."എന്ന് .വീട്ടില്‍ വന്നു രമണിയേച്ചിയോട് ചോദിച്ചപ്പോള്‍ പറഞ്ഞു ,"നീ എന്റെ മോനല്ലേ .ആരാ പറഞ്ഞെ ഞാന്‍ നിന്റെ അമ്മയല്ല എന്ന് ." രമണിയേച്ചി എന്റെ കവിളില്‍ തെരുതെരെ ചുംബിച്ചു .

ഒരു ദിവസം ചങ്ങാലി പുഴയുടെ താഴെ റെയില്‍ പാലത്തിനു താഴെ നില്‍ക്കുമ്പോള്‍ മേലാകെ വൃത്തികേടായി .അന്ന് അമ്മപറഞ്ഞു തന്നു ,"മോനെ തീവണ്ടി ഓടുമ്പോള്‍ പാലത്തിനു താഴെ നില്‍ക്കരുത് ,ചിലപ്പോള്‍ ട്രെയിന്‍ മൂത്രിക്കും."എന്ന് .അന്ന് അമ്മതന്നെ എന്റെ മേലുണ്ടായിരുന്ന അഴുക്കെല്ലാം തുടച്ചു വൃത്തിയാക്കി .പിന്നെ ഒരു ദിവസം പുഴയ്ക്കു മുകളിലൂടെ ഒരു തീവണ്ടി പോയപ്പോള്‍ അതില്‍ അമ്മയും ഉണ്ടായിരുന്നു .അമ്മ എന്തിനു പോകുന്നു ,എങ്ങോട്ട് പോകുന്നു എന്ന് എനിക്ക് പറഞ്ഞു തരാനുള്ള പ്രായം അന്ന് എനിക്ക് ഇല്ലായിരുന്നു .അമ്മ ഒരു കാര്യം മാത്രം പറഞ്ഞു ,"നിന്റെ അമ്മ ഒരു ദിവസം മടങ്ങിവരും ".
ആ ട്രെയിന്‍ അന്ന് അമ്മയെയും കൊണ്ട് എങ്ങോട്ടോ പോയി .അതില്‍ പിന്നെ ഞാന്‍ അമ്മയെ കണ്ടിട്ടില്ല .

വീടിന്റെ മുറ്റത്ത് തനിച്ചിരുന്ന എന്നെകണ്ട അമ്മിണിയേച്ചി ചോദിച്ചു,"ചീരാച്ചി എന്താ തനിച്ചിരിക്കുന്നത് "എന്ന് .
ഞാന്‍ പറഞ്ഞു ,"എന്റെ അമ്മ പോയി "
അമ്മിണിയേച്ചി പറഞ്ഞു ,"ചീരാച്ചി അമ്മിണിയേച്ചിടെ മോനല്ലേ "
അന്നുമുതല്‍ രാജനെ കൂടാതെ അമ്മിണിയേച്ചിക്ക് ഒരു മകനും കൂടി ആയി .രാജന് കപ്പ പുഴുങ്ങിയതും ചായയും കൊടുക്കുമ്പോള്‍ ഒരു കഷണം അമ്മിണിയേച്ചി എനിക്കും തന്നു .അമ്മിണിയേച്ചിക്ക്  എന്നെ ഇഷ്ടമായിരുന്നെങ്കിലും രാജനെപോലെ എന്നെ ഇഷ്ടപെടനായില്ല .പക്ഷെ ഞാനും രാജനും നല്ല കൂടുകരായി മാറി .അമ്മിണിയേച്ചി തരാതെ    മാറ്റിവച്ച സ്നേഹം രാജന്‍ എനിക്ക് പകുത്തു തന്നു .
വൈകാതെ എനിക്ക് ഒരു കാര്യം മനസിലായി .എനിക്ക് അമ്മയില്ല .രമണിയേച്ചിയും അമ്മിണിയേച്ചിയും എന്റെ അമ്മയല്ല .

ചങ്ങാലി പട്ടണത്തിന്റെ അരികിലൂടെ ഒഴുകിയിരുന്ന ചങ്ങാലി പുഴയാണ് ചങ്ങാലിക്കാര്‍ക്ക്  എല്ലാം .ഒരു ദിവസം ചങ്ങാലി പുഴയെ നോക്കി ഞാന്‍ അമ്മേ ...എന്ന് ഉറക്കെ വിളിച്ചു .എന്റെ അമ്മ പുഴയുടെ ഏതോ കരയിലിരുന്നു വിളികേട്ടു .പിന്നെ ഞാന്‍  എന്തുണ്ടെങ്കിലും നേരെ അമ്മയുടെ അടുത്ത് വരും എല്ലാം അമ്മയോട് പറയും .രാത്രി ഞാനും അമ്മയും ആകാശത്ത് നക്ഷത്രങ്ങളെ നോക്കി കഥകള്‍ പറഞ്ഞു അങ്ങനെ കിടക്കും .ചിലപ്പോള്‍ അമ്മയുടെ മടിയില്‍ കിടന്നു തന്നെ ഞാന്‍ ഉറങ്ങും .അമ്മ എന്റെ നെഞ്ചിലൂടെ ഒരു തണുത്ത കാറ്റായി ഒഴുകി നടക്കും .

ചീരാച്ചിയുടെ ഓര്‍മ്മകുറിപ്പുകള്‍-മഴക്കാലം

                                                                                                                                                                             മഴക്കാലം പട്ടിണിയുടെ കാലമാണ് .മഴക്കാലത്ത് പണിയൊന്നും ഇല്ലാത്തതുകൊണ്ട് മിക്കവാറും പട്ടിണിയാകും .വിശപ്പ്‌ സഹിക്കാതാകുമ്പോള്‍ അടുത്തുള്ള വീടുകളില്‍ കയറി മോഷ്ടിക്കും  .ചിലര്‍ ഭക്ഷണം മാത്രം മോഷ്ടിക്കും .ചിലര്‍ ഭക്ഷണത്തോടൊപ്പം കൈയില്‍ കിട്ടിയതെല്ലാം മോഷ്ടിക്കും .പലരും പിന്നീട് പിടിക്കപെടും .അങ്ങനെ പിടിക്കപ്പെട്ട കള്ളന്മാരില്‍ ഒരാളാണ് ഞാനും .                 

എന്റെ പേര്  ശ്രീരാജ് .എല്ലാവരും എന്നെ ചീരാച്ചി എന്ന് വിളിക്കും .ഞാന്‍ കുറച്ചു ഭക്ഷണം മാത്രമേ എടുത്തുള്ളൂ .പക്ഷെ ഞാന്‍ കയറിയ വീട്ടില്‍ അന്നുതന്നെ വേറെ ചിലരും കയറി .അവര്‍ വിലപിടിപ്പുള്ള പലതും മോഷ്ടിച്ചു.അവരെല്ലാം പിടിക്കപെട്ടു ,ഒപ്പം ഞാനും .
     ആദ്യമൊക്കെ പിടിക്കപെടുമോ എന്നുള്ള പേടിയായിരുന്നു .പിന്നീട് എനിക്ക് തോന്നി മഴക്കാലത്ത് പുറത്ത് അലഞ്ഞു നടക്കുന്നതിലും ഭേദം ഈ തടവറയാണെന്ന്  .പിന്നെ ഞങ്ങള്‍ മഴക്കാലത്ത് പിടിക്കപെടനായി കാത്തിരിക്കും .പിടിക്കപെട്ടുകഴിഞ്ഞാല്‍ പിന്നെ ആ മഴക്കാലം സുഭിക്ഷമാണ് .നേരത്തിനു ഭക്ഷണം കഴിച്ചു ,സുഖമായി ഉറങ്ങി ,മഴകണ്ട് അങ്ങനെ കുറച്ചു കാലം .



     ഈ നാളുകളില്‍ മനസിലേക്ക് പലതും ഓടിവരും .കഷ്ട്ടപാടും നഷ്ടബോധവും വന്നു നിറയുമ്പോള്‍ മനസ്സ് സുഖമുള്ള ഓര്‍മ്മകള്‍ തേടി അലയും .പിന്നെ സ്വപ്നങ്ങളും ഓര്‍മകളും പെയ്തിറങ്ങുകയായി .മഞ്ഞു മൂടിയ താഴ്വരകളിലൂടെ ഒരിലകണക്കെ മനസ്സ് ഒഴുകിനടക്കാന്‍ തുടങ്ങും .ദുരിതങ്ങളില്‍ നിന്നുള്ള മോചനമായി ഞങ്ങള്‍ ഈ ബന്ധനം ആസ്വദിക്കും .

ശുദ്ധന്‍

ഞാന്‍ അനില്‍, അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു .എനിക്ക് ഒരു ജേഷ്ഠനുണ്ട് .അവന്റെ പേര് അജി എന്നാണ്‌ .ജേഷ്ഠനാണെങ്കിലും ഞാന്‍ അവനെ ചേട്ടന്‍ എന്ന് വിളിക്കാറില്ല . കാരണം അങ്ങനെ വിളിച്ചാല്‍  അവന്‍ എല്ലാ പണിയും എന്നെകൊണ്ട്‌ ചെയ്യിക്കാന്‍ തുടങ്ങും .അതുമാത്രമല്ല ജേഷ്ഠനെന്നു പറയാന്‍ അവന്‍ എന്നെക്കാള്‍ ഒന്നുരണ്ട് കൊല്ലം മുന്‍പൊന്നും ഇവിടെ വന്നിട്ടില്ല .ഒരഞ്ചോ പത്തോ മിനിട്ടിന്റെ വ്യത്യാസം മാത്രം .ഞങ്ങളില്‍ ആരാണ് ആദ്യം വന്നത് എന്ന് അറിയാവുന്നത് അമ്മക്ക് മാത്രമാണ് .അമ്മയാണെങ്കില്‍ അവന്റെ സൈടാണ്.ചിലപ്പോള്‍ ഞാന്‍ വാശിപിടിച്ചാല്‍ കുറച്ചു നേരത്തേക്ക് എന്നെ ജേഷ്ഠനായി വാഴിക്കും .ജേഷ്ഠനായി നിന്ന് അജിയെ ഭരിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല .എല്ലാവരുടെയും മുന്‍പില്‍ എപ്പോഴും അവനാണ് ജേഷ്ഠന്‍ ,അതുകൊണ്ട് അവന്‍ എന്നേക്കാള്‍ പക്വത ഉണ്ട് എന്ന് കാണിക്കാന്‍ ശബ്ദം കനപിച്ചു സംസാരിക്കുക ,എന്നോട് കല്പിക്കുക ,അധികം സംസാരിക്കാതെ ഗൌരവത്തില്‍ ഇരിക്കുക  തുടങ്ങി കലാപരിപാടികള്‍ എല്ലാം അവന്‍ കാണിക്കും .അവന്റെ ഈ മുടിഞ്ഞ ജാടയാണ് എന്നെ ചൊടിപ്പിക്കുന്നത് .

    ഞങ്ങള്‍ തമ്മില്‍ ഇങ്ങനെ തര്‍ക്കങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും ഞങ്ങളെ രണ്ടുപേരെയും ഒന്നിപ്പിക്കുന്ന ഒരു കാര്യം ഉണ്ട് .ഞങ്ങളുടെ ഒരു പൊതു ശത്രു രാകേഷ് .രാകേഷ് ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലാണ് താമസിക്കുന്നത് .ഏകദേശം രണ്ടു മാസം ആകുന്നത്തെ ഉള്ളൂ അവന്‍ ഇവിടെ വന്നിട്ട് .അവന്റെ അച്ഛന് സര്‍ക്കാര്‍ ജോലിയാണ് .ഇപ്പോ അടുത്ത്  ഇങ്ങോട്ട് സ്ഥലമാറ്റം കിട്ടി വന്നതാണ് .

     രാകേഷ് ഞങ്ങളെ പോലെയല്ല .അവന്‍ നന്നായി പഠിക്കും .പ്രത്യേഗിച്ച് സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ക്ക് ഒന്നും പോകില്ല .ആളൊരു പച്ച പാവമാണ് .പക്ഷെ എന്ത് ചെയ്യാം ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നല്ലേ പറയാറ് .അതാണ്‌ ഇവിടെയും സ്ഥിതി .ഞങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ക്ക് ഇവന്‍ ഒരു വിലങ്ങുതടിയാണ് .ഞങ്ങള്‍ കുട്ടികള്‍ ആണെങ്കിലും നാട്ടുകാരെ എങ്ങനെയൊക്കെ സഹായിക്കാന്‍ പറ്റുമോ,അങ്ങനെയൊക്കെ ഞങ്ങള്‍ അവരെ സഹായിക്കാറുണ്ട് .ഞങ്ങളുടെ സഹായങ്ങള്‍ കൂടുമ്പോള്‍ നാട്ടുകാര്‍ പതിയിരുന്നു പിടിക്കാറാണ് പതിവ് .അതിനു ശേഷം വാര്‍ത്ത വീട്ടിലെത്തും .വീട്ടിലെത്തിയാല്‍ അന്ന്  അമ്മയുടെ കൈയില്‍ നിന്നും പ്രത്യേഗ സമ്മാനങ്ങള്‍ എല്ലാം വാങ്ങിയീട്ടെ അന്ന് കിടന്നുറങ്ങൂ .
       
          അമ്മ ഞങ്ങളെ കൂടുതല്‍ ശിക്ഷിച്ചിരുന്നു .കാരണം ഞങ്ങളുടെ അച്ഛന്‍ ഗള്‍ഫിലാണ് .അമ്മക്ക് ഭയമായിരുന്നു ,അച്ഛന്‍ ഇല്ലാതെ വളരുന്ന കുട്ടികള്‍ ആയതുകൊണ്ട് വഴിതെറ്റി പോകുമോ എന്ന് .അതുകൊണ്ട് അച്ഛന്‍ തരേണ്ട സമ്മാനം കൂടിചേര്‍ത്ത് എല്ലാം അമ്മ ഒറ്റക്കാണ് തന്നിരുന്നത് .അമ്മയുടെ കൈയില്‍ നിന്നും സമ്മാനം കിട്ടികഴിഞ്ഞാല്‍ ഞങ്ങള്‍ രാത്രി കിടക്കാന്‍ നേരം ഞങ്ങള്‍ എണ്ണും ആരുടെ കാലിലാണ് കൂടുതല്‍ ചുവന്ന വരകള്‍ എന്ന് .മിക്കതും അത് അവന്റെ കാലിലായിരിക്കും .കാരണം അവനല്ലേ എന്നെകൂടി വഴിതെറ്റിക്കുന്നത് .
     
          പക്ഷെ രാകേഷ് വന്നതില്‍ പിന്നെ നാട്ടുകാര്‍ പിടിക്കുന്നത്‌ വരെ ഉള്ള സാവകാശം പോലും ഞങ്ങള്‍ക്ക് കിട്ടാതായി .എല്ലാം അമ്മ ഈ ശുധന്റെ അടുത്ത് നിന്നും ചോദിച്ചറിയും .മാലതി ടീച്ചറിന്റെ വീട്ടിലെ മാങ്ങ എറിയാന്‍ പോയതും കൃഷ്ണേട്ടന്റെ വീട്ടിലെ  സപ്പോട്ട പഴുത്തോ എന്ന് നോക്കാന്‍ പോയതും കുളത്തിലിറങ്ങി മീന്‍ പിടിക്കാന്‍ പോയതും എല്ലാം ഈ ശുദ്ധന്‍ തത്ത പറയും പോലെ അമ്മയോട് പറയും .

    രാകേഷിന്റെ ശല്യം തുടങ്ങിയതുമുതല്‍ നാട്ടിലെ ഫലമൂലതികള്‍   എല്ലാം അസാധാരണമായി വലുതാകാന്‍ തുടങ്ങി .നാട്ടിലെ മൂത്ത് തുടുത്ത മാങ്ങകളും പെരക്കകളും ഞങ്ങളെ നോക്കി കൊഞ്ഞാനം കുത്താന്‍ തുടങ്ങി .രാവിലെ സ്കൂളിലേക്ക് പോകുമ്പോഴും വൈകീട്ട് തിരിച്ചു വരുമ്പോഴും പഴുത്ത മാങ്ങകളും പെരക്കകളും കണ്ടു ഞങ്ങള്‍ക്ക് വല്ലാത്ത ഹൃദയ വേദന അനുഭവപെടാന്‍ തുടങ്ങി .മൂന്നുപേരും കൂടി ചന്തക്ക് പോയാല്‍ ഒന്നും നടക്കില്ല എന്നപോലെ ഞങ്ങളുടെ കൂടെ ഈ ശുദ്ധന്‍ ഉള്ളപ്പോള്‍ ഞങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ ഒന്നും നടക്കതെയായി .ഇനി അവനെ ഒഴിവാക്കി രണ്ടുപേരും കൂടി തനിയെ വരുന്നതുകണ്ടാല്‍ അന്ന് ചോദ്യങ്ങള്‍ ഒന്നും ഇല്ല,അമ്മയുടെ വക  സമ്മാനം ഉറപ്പാണ്‌ .

     ആയിടക്കാണ് ഞങ്ങളെ ഞെട്ടിച്ച ഒരു സംഭവം നാട്ടില്‍ നടക്കുന്നത് .സ്കൂളില്‍ പോകുന്നവഴിയില്‍ പൊന്മാന്‍ കുളം കഴിഞ്ഞു മേപ്പറബില്‍  മാലതി ടീച്ചറുടെ വീട്ടിലെ മൂവാണ്ടന്‍ മാവിന്റെ നിറയെ മൂത്തുനില്‍ക്കുന്ന മാങ്ങകള്‍ ഉള്ള ഒരു കൊമ്പ് താഴേക്കു തൂങ്ങി .കൊമ്പ് താഴെ നിന്ന് മൂന്നാള്‍ പൊക്കത്തില്‍ നിന്നിരുന്നതാണ് .മാങ്ങയുടെ ഭാരം കാരണമാണോ ,അതോ കാറ്റിനാണോ ,കൊമ്പ് താഴേക്കു തൂങ്ങി താഴെ നിന്ന് ഒരാള്‍ക്ക്‌ തൊടാവുന്ന ഉയരത്തില്‍ എത്തി .ഞങ്ങള്‍ ക്ഷമയുടെ നെല്ലിപലക കൊണ്ടോ എന്ന് ചോദിച്ചാല്‍ നെല്ലിപലകയല്ല അതിനും താഴെ പണ്ട് വീണുകിടക്കുന്ന തേക്കിന്റെ  പൂ വരെ കണ്ടു എന്ന് പറയുന്ന അവസ്ഥയില്‍ എത്തി .

     അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞങ്ങള്‍ രണ്ടാളും ഒരു പ്രതിജ്ഞ ചെയ്തു.അമ്മയുടെകൈയില്‍ നിന്ന് അടികൊണ്ടാലും ഇല്ലെങ്കിലും നാളെ ഞങ്ങള്‍ മാലതി ടീച്ചറുടെ വീട്ടിലെ മൂവാണ്ടന്‍ മാങ്ങയുടെ രുചി അറിയും .

       പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഒരു അത്ഭുതം നടന്നു .രോഗി ഇചിച്ച പാല് വൈദ്യന്‍ കല്പിച്ചപോലെ രകെഷിനു ഭയങ്കര വയറ്റിളക്കം .ഞങ്ങളുടെ ശാപം കൊണ്ടാണോ എന്നൊന്നും അറിയില്ല രാവിലെ രാകേഷിന്റെ അമ്മ ഞങ്ങളുടെ അമ്മയോട് വേലി തലക്കല്‍ നിന്ന്   അവനു സുഖമില്ലാതെ ഇരിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ ,ഞങ്ങളുടെ മനസ്സില്‍ ഒരുപാട് പഴുത്ത മൂവാണ്ടന്‍  മാങ്ങകള്‍ ഒന്നിച്ചു പൊട്ടി ചാറ് ചുണ്ടിലൂടെ താഴേക്കു ഒഴുകി വന്നു .വായിലൂറി വന്ന വെള്ളം നുണച്ച് ഇറക്കികൊണ്ട്‌ ഞങള്‍ സ്കൂളിലേക്ക് പുറപെട്ടു .

  വൈകീട്ട് സ്കൂള്‍ വിട്ട് വരുമ്പോള്‍ നേരത്തെ തീരുമാനിച്ചതുപോലെ എല്ലാവരും പോയശേഷം ഞങ്ങള്‍ സ്കൂളില്‍ നിന്നും ഇറങ്ങി .പറമ്പിലൂടെ നടന്നു പൊന്മാന്‍ കുളത്തിനു അടുത്തെത്തി .പിന്നെ രണ്ടുപേരും ഓടുകയായിരുന്നു .ഞാന്‍ ആദ്യം മാവിഞ്ചുവട്ടില്‍ എത്തി മാങ്ങ പൊട്ടിക്കാന്‍ കൈ ആഞ്ഞതും അവന്‍ എന്റെ കൈതട്ടി മാറ്റികൊണ്ട് പറഞ്ഞു ."നമ്മള്‍ ഈ മാങ്ങ പൊട്ടിച്ചാല്‍ നാളെ മാലതി ടീച്ചര്‍ അമ്മയോട് പറയും .രാകേഷ് ഇല്ലാത്ത ദിവസം നോക്കി നമ്മളാണ് ഇത് പൊട്ടിച്ചത് എന്ന് അമ്മക്ക് മനസിലാകും .നമുക്ക് മാങ്ങ തിന്നാല്‍ പോരെ അതിനു താഴേക്ക്‌ തൂങ്ങി നില്‍ക്കുന്ന ഈ മാങ്ങകള്‍ പൊട്ടിക്കണം എന്നില്ലല്ലോ "അവന്‍ പറഞ്ഞുനിര്‍ത്തി .ഞങ്ങള്‍  മാങ്ങ മാവില്‍ നിര്‍ത്തികൊണ്ട്‌ തന്നെ അടിഭാഗത്ത് നിന്ന് കാരിക്കാരി തിന്നു .നിന്ന നില്‍പ്പില്‍ ഞങ്ങള്‍ മാലതി ടീച്ചറുടെ മൂവാണ്ടന്‍ മാവിലെ നാല് മാങ്ങകള്‍ അണ്ണാന്‍ കാരിയതുപോലെ അടിഭാഗത്ത്‌ നിന്നും പകുതി വരെ കാരി തിന്നു .ശേഷിച്ച പകുതിയുമായി മാങ്ങ ട്രൌസര്‍ ഊരിപോയ കൊച്ചിനെ പോലെ നാണിച്ചു മാവില്‍ തന്നെ നിന്നു.

       ഒരു പുതിയ ആശയം നമ്മുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കും എന്ന് എനിക്ക് അന്നാണ് മനസിലായത് .അന്നുമുതല്‍ എനിക്ക് ഏട്ടനോട് ഒരു ബഹുമാനം തോന്നാന്‍ തുടങ്ങി .ചേട്ടനാര് അനിയനാര് എന്ന് പറഞ്ഞു തല്ലുകൂടിയിരുന്ന ഞങ്ങള്‍ അന്നുമുതല്‍ സുഹൃത്തുക്കള്‍ ആയി .ഞാന്‍ അക്കരെ അക്കരെ അക്കരെയിലെ ശ്രീനിവാസനെ പോലെ ചേട്ടന്റെ ദാസനകാന്‍ തയ്യാറായി .

    അണ്ണാന്‍ കാരിയതാണോ അതോ മനുഷ്യന്‍ കാരിയതാണോ എന്ന് കണ്ടുപിടിക്കാന്‍ പ്രത്യേഗിച്ച് വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ അന്ന് രക്ഷപെട്ടു .ഞങ്ങള്‍ ഈ കണ്ടുപിടുത്തം ശരിക്കും ആഘോഷിച്ചു .പിന്നീട് പലപ്പോഴും രകേഷിനു വയറിളകാന്‍ തുടങ്ങി .മാസത്തില്‍ ഒന്നോ രണ്ടോ തവണ വച്ച് രകേഷിനു വയറിളകും .അവന്റെ അമ്മ മകന് എന്തോ മറാ രോഗമാണ് എന്ന് കരുതി ആശുപത്രിയില്‍ കൊണ്ടുപോകും .വീട്ടില്‍ അലക്കാന്‍ വാങ്ങുന്ന സോപ്പ് പൊടി കുറച്ചു കുറഞ്ഞു എന്നല്ലാതെ ഈ പരിപാടികൊണ്ട് വേറെ കുഴപ്പം ഒന്നും ഉണ്ടായില്ല .രാകേഷിനെ കൊണ്ട് ഒരു ഗ്ലാസ് സ്കാഷു കുടിപ്പിക്കണം എന്നുള്ളതാണ് ആകെ ഒരു ബുദ്ധിമുട്ട് .

ആരും ഒന്നും മോഷ്ടിചിട്ടില്ലെങ്കിലും നാട്ടിലെ പഴങ്ങള്‍ എല്ലാം പഴുത്തു ചീഞ്ഞു വീഴാന്‍ തുടങ്ങി .വീഴുന്ന പഴങ്ങള്‍ക്കുള്ളില്‍ കാംബൊന്നും ഉണ്ടായിരുന്നില്ല .എല്ലാം ഏതോ കിളി തിന്നു പോയികൊണ്ടിരുന്നു.

എല്ലാം വളരെ നന്നായി പോയികൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം രാകേഷ് ഞങ്ങളുടെ പരിപാടി കണ്ടുപിടിച്ചു .അന്ന് അവനു കൊടുത്ത സോപ്പുപൊടി കുറഞ്ഞുപോയി എന്ന് തോന്നുന്നു ,രാവിലെ ലീവെടുത്ത അവന്‍ ഉച്ചക്ക് സ്കൂളില്‍ വന്നു .ഇതറിയാതെ പതിവുപോലെ ഞങ്ങള്‍ രണ്ടാളും വേട്ടക്കിറങ്ങി .ഞങ്ങള്‍ അറിയാതെ അവന്‍ ഞങ്ങളെ പിന്തുടര്‍ന്നു.വിളഞ്ഞു നില്‍ക്കുന്ന കൊക്കൊകായ പൊട്ടിക്കാതെ കൊക്കോ എടുക്കുന്ന വിദ്യ അവന്‍ ഒളിഞ്ഞു നിന്നു കണ്ടു .വൈകീട്ട് വീട്ടില്‍ വന്നു എല്ലാം അമ്മയോട് മണിമണിയായി പറഞ്ഞുകൊടുത്തു .

എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ തുടയില്‍ രണ്ടു പോള്ളിയപാടുകള്‍ മാത്രം ബാക്കിയായി .വീട്ടില്‍ കറിക്കരിയുന്ന കത്തിയുടെ കൂര്‍ത്ത അറ്റം താഴെക്കണോ മേലേക്കാണോ വളഞ്ഞിരിക്കുന്നത് എന്ന് ഞങ്ങളുടെ തുടയില്‍ നോക്കിയാല്‍ മനസിലാകും .

പിന്നെ രകേഷിനു വയറിളകിയിട്ടില്ല .അവന്‍ ഞങ്ങളുടെ വീട്ടില്‍ നിന്ന് സ്കാഷു കുടിക്കുന്ന പരിപാടി നിര്‍ത്തി .നാട്ടിലെ എല്ലാ മരങ്ങളിലും കാമ്പുള്ള കായകള്‍ ഉണ്ടാകാന്‍ തുടങ്ങി .മൂന്നുപേരും കൂടി വീണ്ടും സ്കൂളിലേക്ക് യാത്രയായി.ഇനി പുതിയൊരു തന്ത്രം കിട്ടുന്നത് വരെ കുറച്ചുകാലം ഈ ശുധന്റെ കൂടെ ഇങ്ങനെ ...

മണവാളന്‍

"മെല്‍ബ്യേട്ടാ.."
ആരോ മെല്‍ബിയെ പുറകില്‍ നിന്നും വിളിച്ചു .മെല്‍ബി തിരിഞ്ഞു നോക്കി .
അടുത്ത വീട്ടിലെ തോമസ് ചേട്ടന്റെ മകന്‍ റോയ് .അവന്‍ വെറുതെ കുശലം
ചോദിക്കാന്‍ വേണ്ടി വിളിച്ചതാണ് .അവനോടു ഒന്നും രണ്ടും പറഞ്ഞു മെല്‍ബി
തടിയൂരി .കാരണം മെല്‍ബി തിരക്കിലാണ് ,നാളെ മെല്‍ബി യുടെ കല്യാണമാണ് .
പള്ളിയില്‍ ചെന്ന് അച്ഛനെ കണ്ടു നാളത്തെ കാര്യം ഒന്നുകൂടി ഓര്‍മിപ്പിക്കാന്‍
മെല്‍ബി പള്ളിയിലേക്ക് ഇറങ്ങിയതാണ് .മെല്‍ബി പാടവരമ്പത്ത് കൂടെ നീട്ടി
പിടിച്ചു നടന്നു .

മെല്‍ബി.പേര് കേള്‍കുമ്പോള്‍ തോന്നും ആളൊരു പരിഷ്കരിയാണ്‌ എന്ന് .
പക്ഷെ മെല്‍ബി ആളൊരു  തനി നാട്ടിന്‍ പുറത്ത്തുകാരന്‍ ആണ് .മെല്‍ബിയുടെ
അപ്പന് ടൌണില്‍ കച്ചവടം ആയിരുന്നു .മെല്‍ബി ജനിച്ചപ്പോള്‍ 
അപ്പന്‍ ടൌണിലെ കട വിട്ടു നാട്ടിന്‍ പുറത്തേക്കു പോന്നു .
കാരണം പട്ടണത്തിലെ തിരക്ക് പിടിച്ച ജീവിതം അപ്പന് മടുത്തിരുന്നു .
അപ്പന്‍ മെല്‍ബിയെ നാട്ടിലെ ഗവണ്മെന്റ് ഹൈ സ്കൂളില്‍ 
ചേര്‍ത്തു.നാട്ടിന്‍ പുറത്തെ എല്ലാ നന്മകളോടും കൂടെ അങ്ങനെ മെല്‍ബി 
വളര്‍ന്നു വലുതായി.

ഇന്ന് മെല്‍ബിക്ക് സ്വന്തമായി ഒരു ബിസിനസ്സ് ഉണ്ട് .കാറ്റെറിംഗ്  സര്‍വീസ് .
അപ്പന്റെ പേരാണ് കാറ്റെറിംഗ് കമ്പനിക്ക് കൊടുത്തിരിക്കുന്നത് .
ഈപ്പന്‍സ് കാറ്റെറിംഗ് സര്‍വീസ് .ഈപ്പന്സിനു സ്വന്തമായി ഒരു പെട്ടി 
ഒട്ടേം,ഇരുന്നൂറു കസേരേം ,അമ്പതു ടേബിളും,ആവശ്യത്തിനു മുളയും,
തുണിയും,പാത്രങ്ങളും എല്ലാം ഉണ്ട് .മെല്‍ബിയുടെ ശ്രമ ഫലമായി
ഈപ്പന്‍സ് ഇന്ന് നാട്ടിലെ അറിയപെടുന്ന ഒരു കാറ്റെറിംഗ്  സര്‍വീസ്
ആയി മാറി .


നല്ല രീതിയില്‍ ബിസിനസ് നടത്തികൊണ്ടിരുന്ന മകനോട്‌ അപ്പന്‍
ചോദിച്ചു .നിനക്കിനി ഒരു കല്യാണം കഴിക്കണ്ടേ മെല്‍ബി?
.
കല്യാണം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ മെല്‍ബി  അപ്പനോട് ഒരേ ഒരു 
കാര്യമേ പറഞ്ഞുള്ളൂ ,"അപ്പാ ,പെണ്ണിന് നല്ല പോലെ വെപ്പ് അറിയണം ,
ഏത്,അരിവേപ്പേ.."

അങ്ങനെ മെല്‍ബി പെണ്ണ് അന്വേഷണം തുടങ്ങി .
ബ്രോക്കെര്‍ മെല്‍ബിക്ക് ഓരോ കുട്ടികളെയായി ഫോട്ടോ കാണിച്ച്
പരിചയപെടുത്തി .കൊച്ചു മാത്തേട്ടന്റെ മകള്‍ ജിനി .ജിനിയുടെ ഫോട്ടോ
കണ്ടപ്പോള്‍ മെല്‍ബി  മനസ്സില്‍ പാടി "മറകുടയാല്‍ മുഖം മറക്കും
മാനല്ല ...മഷി കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ  ..."
മെല്‍ബിയുടെ മനസിലൂടെ ജിനി കാറ്റത്ത്‌ പറന്നു കളിക്കുന്ന ഷാളും
പിടിച്ചുകൊണ്ടു ഓടി മറഞ്ഞു .


മെല്‍ബി  ജിനിയെ കാണാന്‍ ചെന്നു .
ചായ കുടിയും ,തറയില്‍ കളം വരക്കലും ,കുശല പ്രശ്നങ്ങളും എല്ലാം
 കഴിഞ്ഞപ്പോള്‍ മെല്‍ബി പെണ്ണിന്റെ വീട്ടുകാരോട് 
പറഞ്ഞു ,"എനിക്ക് പെണ്ണിനോട് ഒന്ന് സംസാരിക്കണം ."
വീട്ടുകാരുടെ സമ്മതത്തോടെ മെല്‍ബി പെണ്ണിനോട് സംസാരിക്കാന്‍ 
ആരംഭിച്ചു.
മെല്‍ബി:ജിനിനല്ലേ പേര് ?
പെണ്ണ് :അതെ .
മെല്‍ബി:എന്തൊക്കെ കറി വക്കാന്‍ അറിയാം ?
പെണ്ണ് :ചമ്മന്തി പൊടിക്കും ,പപ്പടം വറക്കും അങ്ങനെ എല്ലാം ചെയും .
ജിനി നാണത്തോടെ പറഞ്ഞു 
മെല്‍ബി:അത്രേ ഉള്ളൂ .കൊച്ചിന്റെ അമ്മ പറഞ്ഞത് എല്ലാ കറിയും
വെക്കുമെന്നാലോ.
പെണ്ണ് :എല്ലാ കറിയും വെക്കും .
മെല്‍ബി:ചിക്കന്‍ വെക്കാന്‍ അറിയോ ?
പെണ്ണ് :ചിക്കനും മട്ടനും ബീഫും എല്ലാം വെക്കും .
മെല്‍ബി:അന്നാ പറാ.കറിക്ക് -----രുചികൊടുക്കുന്നു ?
പെണ്ണ് :ഉപ്പ്.
മെല്‍ബി:ഞെട്ടില്ല വട്ടയില ?
പെണ്ണ്:പപ്പടം .ഉത്തരങ്ങള്‍ കേട്ട് മെല്‍ബി ഒന്ന് ഞെട്ടി  .ഇവള്‍ ആള് പുലിയാണല്ലോ 
എന്ന് മനസ്സില്‍ പറയുകയും ചെയ്തു .
മെല്‍ബി ഒന്നും മിണ്ടുന്നില്ല ....നീണ്ട ആലോചനയിലാണ് .
പിന്നെ പായസം കുടിച്ച കൊച്ചു പയ്യനെ പോലെ മെല്‍ബി ജിനിയുടെ 
മുഖത്ത് നോക്കി ഒന്ന് ചിരിച്ചു .പെണ്ണ് തിരിച്ചും ചിരിച്ചു .

വൈകാതെ മെല്‍ബിയുടെയും ജിനിയുടെയും കല്യാണം ഉറപ്പിച്ചു .

ഒരു വിധത്തില്‍  മന:സമ്മതം കഴിഞ്ഞു .ഒരു വിധത്തില്‍ എന്ന് പറയാന്‍ കാരണം 
ഉണ്ട് .സമ്മതത്തിന് പള്ളിയില്‍ വച്ച് കുരിശു വരച്ചപ്പോളാണ് അച്ഛന്‍ ഒരു കാര്യം 
കണ്ടു പിടിച്ചത് ,ചെക്കന് കുരിശു വരയ്ക്കാന്‍ അറിയില്ല .അച്ഛന്‍ ചടങ്ങ്
കഴിഞ്ഞപ്പോള്‍ അപ്പനെ വിളിച്ചു പറഞ്ഞു ,"ചെക്കന് കുരിശു വരയ്ക്കാന്‍ അറിയില്ല
എങ്കില്‍ കെട്ട് നടക്കൂല ...."

അന്ന് രാത്രി മെല്‍ബി കുരിശു വര പഠിക്കലായിരുന്നു പണി .നെറ്റിയില്‍ ഒരു കുരിശു ,
ചുണ്ടില്‍ ഒരു കുരിശു നെഞ്ചില്‍ ഒരു കുരിശു .പിന്നെ നെറ്റിയിലും നെഞ്ചത്തും
രണ്ടു ചുമലിലും  ഓരോ തട്ടും, കഴിഞ്ഞു .മെല്‍ബി  നെടുവീര്‍പിട്ടു .
ഇതിനാണ് അച്ഛന്‍ കിടന്നു ബഹളം വച്ചിരുന്നത് .സമ്മതത്തിനു
പള്ളിയില്‍ വച്ച് വരച്ചപ്പോള്‍ രണ്ടു കുരിശു കുറഞ്ഞു പോയി ..അല്ല
അവസാനത്തെ കുരിശാണ് വരയ്ക്കാന്‍ മറന്നത് .മെല്‍ബി  ഓര്‍ത്തെടുത്തു .
മെല്‍ബി  അടുപ്പിച്ച്  പത്തിരുപതു തവണ കുരിശു വരച്ചു .ഇപ്പൊ അര സെക്കന്റു
വേണ്ട ഒരു തവണ  കുരിശു വരയ്ക്കാന്‍ .പെട്ടി ഓട്ടോയില്‍ H എടുക്കാന്‍ പഠിച്ചത്
പോലെ നല്ല സ്പീഡില്‍ ആയി മെല്‍ബിയുടെ കുരിശു വര .  

മെല്‍ബി നടന്ന് നടന്ന് പള്ളിനടയില്‍ എത്തി .അച്ഛന്റെ മുറിയുടെ വാതിലില്‍ തട്ടി .
ഒരു കള്ളി മുണ്ട്  മാത്രം ഉടുത്തു കൊണ്ട് അച്ഛന്‍ പുറത്തേക്കു വന്നു .മെല്‍ബി കാര്യം
പറഞ്ഞു .
അച്ഛന്‍ ചോദിച്ചു ,"നീ കുരിശുവരക്കാന്‍ പഠിച്ചോ ?"
അച്ഛന്‍ ചോദ്യം മുഴുമിപിക്കുന്ന്നതിനു മുന്‍പ് മെല്‍ബി  കൈ മുന്നോട്ടു എടുത്തു ,
റിവേര്‍സ് എടുത്തു അഞ്ച് സെക്കന്റു കൊണ്ട്  നെറ്റിയില്‍ കുരിശു വരച്ചു
കാണിച്ചു കൊടുത്തു .അച്ഛന്‍ ഒന്ന് ഞെട്ടി .
അച്ഛന്‍ പറഞ്ഞു ,"മെല്‍ബി നീ കല്യാണത്തിന് ഇത്ര സ്പീഡില്‍ ഒന്നും കുരിശു 
വരക്കണ്ട ,സാവധാനം മതി .എന്തായാലും നീ നാളെ പോരെ നിന്റെ കെട്ട് ഞാന്‍ 
നാളെ തന്നെ നടത്തി തരാം ."

മെല്‍ബി സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി .ചെന്നീട്ടു വേണം താലി കെട്ട് 
പഠിക്കാന്‍  .ഷിബുവിനോടും ഷാജിയോടും  വരാന്‍  പറഞ്ഞിട്ടുണ്ട് .രണ്ടുപേരുടെയും 
കല്യാണം കഴിഞ്ഞതാണ് .
എന്തൊക്കെ പഠിക്കണം ഒരു കല്യാണം കഴിക്കാന്‍ .നമസ്ക്കാരം ചൊല്ലി അച്ഛനെ
കേള്‍പിക്കണം.കുരിശു വരച്ചു കാണിച്ചു കൊടുക്കണം .കെട്ട് കുമ്പസാരം നടത്തണം .
അരമനയില്‍ വിവാഹത്തിന് മുന്‍പുള്ള  ക്ലാസ്സില്‍ പങ്കെടുക്കണം .ഓ..ഇതിലും എത്രയോ എളുപ്പമാണ് കാറ്റെറിംഗ്  സര്‍വീസ് നടത്താന്‍.മെല്‍ബി മനസ്സില്‍ പറഞ്ഞു .

മെല്‍ബി വീട്ടില്‍ എത്തിയപ്പോഴേക്കും ഷിബുവും ഷാജിയും  വീട്ടില്‍ എത്തിയിരുന്നു .
വേഗം തന്നെ ഭക്ഷണം കഴിച്ചു ,മൂന്ന് പേരും മുറിയില്‍ കയറി 
കതകു അടച്ചു .രണ്ടു പേരും കൂടി  മെല്‍ബിയെ താലി കെട്ടേണ്ട വിധം എങ്ങനെ എന്ന് പഠിപ്പിച്ചു .ഷാജി  മുട്ടുകുതിനിന്നു ,ഷിബു  മെല്‍ബിക്ക് ഡമ്മി താലി  എടുത്തു കൊടുത്തു .മെല്‍ബി ഷാജിയുടെ  കഴുത്തില്‍ അഞ്ചാറ് വട്ടം താലി  കെട്ടി പഠിച്ചു .


താലി കെട്ടാന്‍ പഠിച്ചു കഴിഞ്ഞു മൂന്ന് പേരും കിടക്കാന്‍ തുടങ്ങുമ്പോള്‍ പതിവുപോലെ നേരം പത്രണ്ട് മണിയായി .

ഉറങ്ങാന്‍ കിടക്കുമ്പോഴും മെല്‍ബിയുടെ മനസ്സ് തിരക്കിട്ട ചിന്തയിലാണ് .
വണ്ടിയുടെ കാര്യം   തോമസ് അളിയനെ(വല്യപ്പന്റെ മകളുടെ ഭര്‍ത്താവ് ) ഏല്പിച്ചിട്ടുണ്ട് .ഭക്ഷണം ഒസേപ്പു അളിയനെയും .ഭക്ഷണം സ്വതം കമ്പനിയില്‍ നിന്നും ആയതു
കൊണ്ട്  പിന്നെ അധികം മിനക്കെടില്ല .എല്ലാം കഴിഞ്ഞു ഉറങ്ങാന്‍ തുടങ്ങുമ്പോള്‍എന്നും പന്ത്രണ്ടര ഒരുമണി ആകും.ഇപ്പൊ ഒരാഴ്ചയായി മെല്‍ബിയുടെ സ്ഥിതി ഇതാണ് .
എന്തിനു പാലക്കാടു  ഉള്ള അമ്മടെ അമ്മായിടെ മകളുടെ വീട്ടില്‍ കല്യാണം വിളിക്കാന്‍.ചെന്നതു രാത്രി പത്തരക്കല്ലേ .എട്ടുമണിക്ക് എത്തേണ്ട വണ്ടി ഇടയ്ക്കു വച്ച് പഞ്ചറായി. അവിടെക്കാണെങ്കില്‍ വണ്ടികളും കുറവാണു .പിന്നെ എല്ലാം കഴിഞ്ഞു സിസിലി ചേച്ചിടെ വീടെത്തുമ്പോള്‍ മണി പത്തര .ഉറങ്ങികിടന്നവരെ എല്ലാം വിളിച്ചുണര്‍ത്തി കല്യാണം വിളിച്ചു തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ രാത്രി രണ്ടു മണി .

അങ്ങനെ ഒരുപാട് നാളത്തെ കഷ്ട്ടപാടിനു ശേഷം ഇന്ന്  മെല്‍ബിയുടെ കല്യാണം ആണ് .

മെല്‍ബി കള്ളിമുണ്ടും വള്ളി ബനിയനും മാറ്റി പാന്റ്സും കോട്ടും ധരിച്ചു .കാലില്‍ ഷൂ.കഴുത്തില്‍ ടൈ .പോക്കെറ്റില്‍ ഒരു റോസാ പൂ .കാറ്റെറിംഗ്കാരന്‍  മെല്‍ബി പൂര്‍ണമായും ഒരു കല്യാണ ചെക്കനായി മാറി .കുരിശു വരച്ചു കുടുംബസമേതം പള്ളിയിലേക്ക് യാത്രയായി .


പള്ളിയില്‍ മെല്‍ബിയും വീട്ടുകാരും എത്തി .പെണ്ണും വീട്ടുകാര്‍ ഇത് വരെ എത്തിയിട്ടില്ല .
മെല്‍ബി തോമസ്‌ അളിയനോട് പറഞ്ഞു ,"അളിയാ അവര് ഇതുവരെ എത്തിയില്ലല്ലോ ?
പന്ത്രണ്ടു മണിക്ക് ഇനി അഞ്ചു മിനിട്ട് അല്ലെ ഉള്ളൂ ."
അളിയന്‍ :അവര് വന്നോളും  .നീ ഒന്ന് പെടക്കാണ്ട് നിക്കെട മെല്‍ബി.
അളിയന്‍ പറഞ്ഞ പോലെ പെണ്ണും വീട്ടുകാര്‍ കറക്റ്റ് സമയത്ത് തന്നെ എത്തി .
ചടങ്ങ് തുടങ്ങി .
അച്ഛന്‍ താലിയും മന്ത്രകോടി  സാരിയും മോതിരവും എടുത്തു ആശിര്‍വദിച്ചു മെല്‍ബിയുടെ കൈയില്‍ കൊടുത്തു .
ഷാജിയുടെ കഴുത്താണ് എന്ന് കരുതി കണ്ണടച്ച്  കൈ വിറക്കാതെ മെല്‍ബി ജിനിയുടെ കഴുത്തില്‍ താലി കെട്ടി .
മോതിരം ഇട്ടു.മന്ത്രകോടി എടുത്തു ജിനിയുടെ കൈയില്‍ ഇട്ടു .


അച്ഛന്‍ പ്രസംഗം തുടങ്ങി .ഭാര്യ ഭര്‍തൃ  ബന്ധത്തിന്റെ മഹാത്മ്യത്തെ കുറിച്ചും മറ്റും അച്ഛന്‍ പറഞ്ഞുകൊണ്ടിരുന്നു .ഭാര്യ  ഭര്‍ത്താവിനെ അനുസരിക്കണം ,ഭര്‍ത്താവു ഭാര്യയെ
വിശ്വസിക്കണം  .ഭാര്യ ഭര്‍ത്താവിനെ സ്നേഹിക്കണം ...അങ്ങനെ നീണ്ട ഒരു ഉപദേശം .
അച്ഛന്‍ പറഞ്ഞതൊന്നും മെല്‍ബിയുടെ കാതില്‍ എത്തിയില്ല .കാരണം മെല്‍ബിക്ക് അടിവയറ്റില്‍ ഒരു ശങ്ക .കെട്ട് കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് .അപ്പോഴാണ് അച്ഛന്റെ ഒടുക്കത്തെ ഒരു പ്രസംഗം .മെല്‍ബി കടിച്ചു പിടിച്ചു നിന്നു.


പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞതും മെല്‍ബി അളിയന്മാരെ നോക്കി ചൂണ്ടാണി വിരല്‍ പൊക്കി കാണിച്ചു .തോമസളിയന്‍ അടുത്ത് വന്നു കാര്യം തിരക്കി .
അളിയന്‍ പറഞ്ഞു എന്തായാലും നീ വാ നമുക്ക് ശരിയാക്കാം .മെല്‍ബി പെണ്ണിനെ അവിടെ നിര്‍ത്തി പതുക്കെ സ്കൂള്‍ വിട്ട കുട്ട്യേ പോലെ  ഓടി .എല്ലാവരും അളിയനോട് കാര്യം തിരക്കി .അളിയന്‍ പെണ്ണും വീട്ടുകാരോട് കാര്യം പറഞ്ഞു .
എല്ലാം എല്ലാവരും അറിയുന്നതിന് മുന്‍പേ മെല്‍ബി തിരിച്ചെത്തി ."ആ ഇവിടെ വെടിക്കെട്ട്‌ ഉണ്ടായിരുന്നോ?" എന്ന് ചോദിക്കുന്ന ബാധിരനെ പോലെ മേല്ബി  പെണ്ണിന്റെ അടുത്ത് വന്നു നിന്നു .


പള്ളിയില്‍ നിന്നും  ചെക്കനും പെണ്ണും വീട്ടിലേക്കു വന്നു .
നെല്ലും നീരും വീത്തി ചെറുക്കനേയും പെണ്ണിനേയും വീട്ടിലേക്കു സ്വീകരിച്ചു.പന്തലില്‍  വച്ച് അതിഥികള്‍ക്കായി ഈപ്പന്‍സ് കാറ്റെറിംഗ് സര്‍വീസിന്റെ  വക വിഭവ സമൃദമായ സദ്യ  നടന്നു .


ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയംഏകദേശം അഞ്ച് മണിയായി .

അതിഥികള്‍ എല്ലാം പിരിഞ്ഞു പോയി .ഇനി അടുത്ത ചില ബന്ധുക്കള്‍ മാത്രമേ വീട്ടിലുള്ളൂ .ഓരോ ടീം ആയി വീട്ടില്‍ ഉള്ളവരെല്ലാം ഭക്ഷണം കഴിച്ചു .ഭക്ഷണം കഴിഞ്ഞപ്പോള്‍  ഓരോരുത്തരായി ഓരോ സൈഡില്‍ ചയാന്‍ തുടങ്ങി .


മെല്‍ബി പതുക്കെ അവന്റെ റൂമില്‍ കയറി .ഷര്‍ട്ടെല്ലാം  അഴിച്ചു മാറ്റി കിടക്കാന്‍ ഉള്ള വട്ടം കൂട്ടി.മെല്‍ബിക്ക് നല്ല ക്ഷീണം തോന്നി .എങ്ങനെ എങ്കിലും ഒന്ന് കിടന്നാല്‍ മതിയെന്നായി .പക്ഷെ എങ്ങനെ കിടക്കും ,എങ്ങനെ ഉറങ്ങും ,ഇന്ന് ആദ്യ
രാത്രിയല്ലേ .ഭാര്യ വരുന്നതുവരെ കാത്തിരിക്കണം .അവന്‍ കല്യാണത്തിന് ചിലവായ കണക്കെല്ലാം നോക്കി മുറിയില്‍ ഇരുന്നു .


അധികം കാത്തിരിക്കേണ്ടി വന്നില്ല അതിനു മുന്‍പ ആരൊക്കെയോ ചേര്‍ന്ന് ജിനിയെ റൂമിലേക്ക്‌ തള്ളി വിട്ടു .


അവള്‍ ഇപ്പോള്‍ ഉടുത്തിരിക്കുന്നത് സാധാരണ ഒരു സാരിയാണ് .പെണ്ണ് കാണാന്‍ ചെന്നപ്പോഴും മന:സമ്മതത്തിന്റെ അന്നും കല്യാണത്തിനും അവള്‍ മുഴുവന്‍ മേക്കപ്പിലായിരുന്നു.ഇതാ ഇപ്പോഴാണ്‌ അവളെ സാധാരണ രൂപത്തില്‍ കാണാന്‍ സാധിക്കുന്നത്‌ .അവന്‍ അവളെ കണ്‍ നിറയെ
ഒന്ന് നോക്കി.അവള്‍ അവന്റെ അടുത്ത് വന്നു.
അവന്‍ ചോദിച്ചു ,"പാലില്ലേ ...?"
അവള്‍ നാണത്തോടെ ഇല്ലന്നു തലയാട്ടി .
അവന്‍ പറഞ്ഞു ,"ആ അമ്മക്കറിയാം ഞാന്‍ രാത്രി പാല് കുടിക്കില്ല എന്ന് . "
അവന്‍ വീണ്ടും ചോദിച്ചു ,"ജിനി എന്താ എന്നെ വിളിക്യാ ?"
നാണം വിട്ടുമാറാതെ അവള്‍ പറഞ്ഞു ,"മെല്‍ബിയേട്ടാ എന്ന് "
അവന്‍ പറഞ്ഞു ,"ഞാന്‍ പേടിച്ചു ,ഇനി വല്ല  ഊ ,പൂ ,അധിയാന്‍ എന്നോക്കെയാവോ വിളിക്ക്യ എന്ന് കരുതി .
മെല്‍ബി:ഒന്നുംകൂടി ഒന്ന്  വിളിച്ചേ .
ജിനി :മെല്‍ബിയേട്ട.
അവന്റെ മനസ്സില്‍ ആയിരം ജിലേബി  ഒന്നിച്ചു പൊട്ടി .


ജിനി നമുക്ക് കിടന്നാലോ .അവള്‍ തലയാട്ടി ,കട്ടിലിലേക്ക് കയറി കിടന്നു .അവന്‍ അവളുടെ തൊട്ടടുത്തും .രണ്ടുപേരും തൊട്ടു തൊട്ടില്ല എന്നാ നിലയില്‍ കിടന്നു .

ഒരു പെണ്ണ് തന്റെ അരികില്‍ കിടക്കുന്നു എന്നാ ചിന്ത മെല്‍ബിയുടെ ഹൃദയമിടിപ്പ്‌ കൂട്ടി .പിരിമുറുക്കം കുറക്കാന്‍ വേണ്ടി മെല്‍ബി സംസാരിക്കാന്‍ ശ്രമിച്ചു .
മെല്‍ബി പറഞ്ഞു  ,ഞാന്‍ ഉറങ്ങിയീട്ട് ആഴ്ചകളായി.
ജിനി :ഞാനും 
മെല്‍ബി വിറയ്ക്കുന്ന കൈയെടുത്ത് ജിനിയുടെ കവിളില്‍ ഒന്ന്  തൊട്ടു,എന്നീട്ടു ചോദിച്ചു 
"ഞാനൊന്നു തൊട്ടോട്ടെ "
ജിനി മൂളി .മെല്‍ബിയും .
മെല്‍ബി പറഞ്ഞു ,"എനിക്ക് ഉറങ്ങണം" 
ജിനി പറഞ്ഞു ,"എനിക്കും "
"അയ്യോ ഞാന്‍ മറന്നു "മെല്‍ബി .
"എന്താ ?"അവള്‍ ചോദിച്ചു .
മെല്‍ബി:വിളക്കണച്ചില്ല.
അവള്‍ ചിരിച്ചു .
പിന്നെയും അവര്‍ എന്തൊക്കെയോ  പറഞ്ഞു ,
പറഞ്ഞതെല്ലാം വെറും വാക്കുകളായി ഇരുളില്‍ ലയിച്ചു .





കളിക്കളം


ശുഭപ്രതീക്ഷ

      ഒരു പനിയായിരുന്നു തുടക്കം .ഒരു വെള്ളിയാഴ്ച പതിവുപോലെ ജോലി കഴിഞ്ഞ് വരുമ്പോള്‍ തീരെ സുഖമില്ല .ശരീരത്തില്‍ മൊത്തം ഒരു വേദനയും ഒപ്പം നല്ല പനിയും.വേഗം തന്നെ അടുത്തുള്ള നാരായണന്‍ ഡോക്ടറെ പോയി കണ്ടു.ഡോക്ടര്‍ പരിശോധിച്ചീട്ടു പറഞ്ഞു ,
"ഇപ്പോഴത്തെ പനിയൊന്നും എന്ത് തരം പനിയാണെന്ന് പറയാന്‍ പറ്റില്ല .അസുഖം കണ്ടു പിടിക്കാന്‍ വിശധമായ ഒരു പരിശോധന വേണ്ടി വരും .നിങ്ങള്‍ അടുത്തുള്ള ഏതെങ്കിലും ആശുപത്രിയില്‍ കാണിക്കുന്നതാണ് നല്ലത് ."തല്ക്കാലം ഒരു ദിവസത്തേക്കുള്ള മരുന്നും വാങ്ങി ഞാന്‍ വീട്ടിലേക്കു മടങ്ങി .
      നേരം ഇരുട്ടും തോറും പനി കൂടി വന്നു ,ചെറിയ തോതില്‍ ശര്‍ദിയും.പിന്നെ ശര്‍ദി കൂടി കൂടി അന്നനാളവും ആമാശയവും പിഴുതെറിയുന്ന രൂപത്തിലായി .വൈകാതെ ഞാന്‍ ആദ്യത്തെ വാള് വച്ചു.തുടര്‍ച്ചയായി നാലഞ്ച് വാള് ഒന്നിച്ചു വച്ചപ്പോഴേക്കും എന്റെ ചുറുചുറുക്കും ഉന്മേഷവും  കത്തിയമര്‍ന്നു .ഞാന്‍ പതുക്കെ ഒരു മനുഷ്യ ശരീരം മാത്രമായി കട്ടിലില്‍ മലര്‍ന്നു കിടന്നു .ടി .വി  യില്‍ പരസ്യം വരുന്നത് പോലെ പത്ത് മിനിട്ട് പതിനഞ്ചു മിനിട്ട് ഇടവേളയില്‍ ഞാന്‍ ശര്‍ദിച്ചു കൊണ്ടിരുന്നു .പിന്നെ രാത്രിയായ്തും ,വണ്ടിയില്‍ കയറിയതും ,ആശുപത്രിയില്‍ എത്തിയതും ഒന്നും ഞാന്‍ അറിഞ്ഞില്ല .ബോധം വരുമ്പോള്‍ ഞാന്‍ അമല ആശുപത്രിയിലെ പഴയ ബ്ലോക്കില്‍ ,ഒരു മൊസൈക്ക് ഇട്ട റൂമില്‍ ,കട്ടിലില്‍ കിടക്കുകയാണ് .
    ഞാന്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ മുറിയില്‍ അമ്മ ഇരിപ്പുണ്ട് .കട്ടിലിനോട് ചെര്‍നുള്ള ഒരു ടാബിളില്‍ തലവച്ചു   ഉറങ്ങുകയാണ്‌ .തൊട്ടടുത്ത്‌ ഒരു പത്രത്തില്‍ ഭക്ഷണം മൂടി വച്ചിരിക്കുന്നു . ഭക്ഷണം മൂടി വച്ച പാത്രത്തിന്റെ വിടവിലൂടെ ഒരു ഈച്ച അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു ,പാത്രത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്നു .നേരം വെളുത്തു വരുന്നതെ ഉള്ളൂ .തുറനിട്ടിരിക്കുന്ന ജനലിലൂടെ വെളിച്ചം അരിച്ചരിച്ചു അകത്തേക്ക് കയറാന്‍ തുടങ്ങി .മുറിയില്‍ ഫാന്‍ കറങ്ങുന്നുണ്ടെങ്കിലും എനിക്ക് ഉഷ്ണം കൂടി കൂടി വന്നു .ഞാന്‍ വിളിചീട്ടു എന്നാ പോലെ പെട്ടന്ന് പുറത്ത് നിന്നും നല്ല കാറ്റ് വീശി .ഒരു ചെമ്പക പൂ മണമുള്ള കാറ്റ് .പൂ മണമുള്ള ഈ കാറ്റ് കൊണ്ടപ്പോള്‍ എനിക്ക് അല്‍പ്പം ആശ്വാസം തോന്നി .ഞാന്‍ വരണ്ട തൊണ്ട ഒന്ന് നൊട്ടി നനച്ചു ,നേരത്ത് ശബ്ദത്തില്‍ അമ്മയെ വിളിച്ചു .
അമ്മ ഞെട്ടി ഉണര്‍ന്നു .
ഞാന്‍ അമ്മയോട് ചോദിച്ചു ,"അമ്മ ഇന്നലെ ഉറങ്ങിയില്ലേ ?"
ഞാന്‍ പറഞ്ഞത് അമ്മ കേട്ടില്ല എന്ന് തോന്നുന്നു .അമ്മ പറഞ്ഞു ,"നീ ഉണര്‍ന്നാല്‍ അവരെ അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട് .ഞാന്‍ നെഴുസുമാരോട് പറഞ്ഞിട്ട് വാരം."അമ്മ വാതില്‍ തുറന്നു പുറത്തു പോയി .ഞാനെന്റെ കൈയിലേക്ക്‌ നോക്കി .ഗ്ലൂകോസു കയറ്റാനുള്ള ട്യൂബ് കൈയില്‍ ഒട്ടിച്ചു വച്ചിരുന്നത് അല്‍പ്പം ഇളകിയിട്ടുണ്ട്‌ .ഗ്ലൂകോസു തുള്ളി തുള്ളിയായി കൈനനച്ചു പുറത്തേക്കു ഇറ്റു വീണുകൊണ്ടിരുന്നു .അപ്പോഴേക്കും രണ്ടു നെഴ്സുമാരെയും കൂട്ടി അമ്മ മടങ്ങി വന്നു .അവര്‍ കൈയിലെ പ്ലാസ്റ്റെര്‍ അഴിച്ചു കളഞ്ഞു ,സൂചി നേരെയാക്കി അവിടെ പുതിയ പ്ലാസ്റ്റെര്‍ ഒട്ടിച്ചു ശരിയാക്കി .ഗ്ലൂകൊസ് വീണ്ടും ഞരമ്പുകളിലേക്ക് ഇരച്ചു കയറാന്‍ തുടങ്ങി .ആദ്യം ഒരു തണുപ്പും വേദനയും തോന്നി .പിന്നെ അത് സുഖമുള്ള ഒരു വേദനയായി മാറി .അവര്‍ കുറച്ചു ഗുളികകള്‍ എന്നെ കൊണ്ട് കഴിപിച്ചു .പിന്നെ കുറച്ചു ഗുളികകള്‍ അമ്മയെ ഏല്പിച്ചു .
           സമയം ഒന്‍പതു മണിയായി .ഡോക്ടര്‍ റൌണ്ട്സിനു വന്നു .മെഡിക്കല്‍ കോളേജു ആയതു കൊണ്ട് ഡോകാടറുടെ കൂടെ കുറച്ചു സ്ടുടെന്റ്സും ഉണ്ട് .ഡോക്ടര്‍ എന്റെ കണ്ണിന്റെ പോളകള്‍ രണ്ടും അകത്തി നോക്കി .അടിവയറ്റിലും ,നെഞ്ചിലും അമര്‍ത്തിയും തട്ടിയം പരിശോധിച്ചു.പിന്നെ ചാര്‍ട്ട് എടുത്തു എഴുതാന്‍ തുടങ്ങി .കൂടി നിന്നിരുന്ന സ്ടുടെന്റ്സിനോട് എന്തോ പറഞ്ഞു എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു .അവര്‍ എന്റെ ചുറ്റും കൂടി നിന്ന് പരിശോധന ആരംഭിച്ചു .പരിശോധനക്കിടയില്‍ ചിലര്‍ അമ്മയോട് എന്റെ details  ചോദിയ്ക്കാന്‍ തുടങ്ങി .
പേഷ്യന്റിന്റെ പേരെന്താണ് ?അമ്മ പറഞ്ഞു ,
ഹരി .
എത്ര വയസായി ?
26
എന്ത് ചെയുന്നു ?
electrical  എഞ്ചിനീയര്‍ ആണ് .എറണാംകുള-ത്ത് ഒരു കമ്പനിയില്‍ ജോലി ചെയുന്നു . 
അവര്‍ക്ക് വേണ്ട details  എല്ലാം ശേഖരിച്ചു ,അവര്‍ അടുത്ത റൂമിലേക്ക്‌ പോയി .അവര്‍ പോയി കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അമ്മയെ വിളിച്ചു പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചു .
"ഇവന്റെ അസുഖം എന്താണ് എന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല .ഇപ്പൊ കുറച്ചു ടെസ്റ്റ്‌ കൂടി എഴുതിയിട്ടുണ്ട് .ഇതിന്റെ റിസല്‍ട് കൂടി വരട്ടെ .അതുവരെ ഒന്നും സംഭാവിക്കതിരുന്നാല്‍ മതി .ഇപ്പൊ വേറെ ഭക്ഷണം ഒന്നും കൊടുകേണ്ട ....."   ഡോക്ടര്‍ പിന്നെയും എന്റെ അസുഖത്തിനെ പറ്റി അമ്മയോട് സംസാരിക്കുന്നുണ്ടായിരുന്നു .കേള്‍ക്കാന്‍ നല്ലത് അല്ലാത്തതുകൊണ്ട് ഞാന്‍ ചെവി രണ്ടും കൊട്ടിയടച്ചു ,ചുമരിനഭിമുഖമായി തിരിഞ്ഞു കിടന്നു .
              നേരം ഇരുട്ടും തോറും എനിക്ക് ഉള്ളില്‍ പേടി തോന്നാന്‍ തുടങ്ങി .പുറത്തെ പോലെ തന്നെ കണ്ണിലും മനസിലും എല്ലാം ഇരുട്ട് വന്നു നിറയുന്നത് പോലെ .ഒപ്പം കുറേശെ പനിയും   തുടങ്ങിയിട്ടുണ്ട് .നേരം ഏകദേശം പത്ത് മണി ആയി കാണും .എല്ലാവരും ഉറക്കത്തിലേക്കു വീണുകൊണ്ടിരിക്കുന്നു .പക്ഷെ എനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല .ഒരു തരം ഭയം മനസിനെ പിടികൂടിയിരിക്കുന്നു .എന്റെ അസുഖത്തെ കുറിച്ചുള്ള ആകുലതകള്‍ മനസിലേക്ക് കേറി വന്നു .എന്ത് തരം  പനിയാണ് എനിക്ക് .ഇനി ഇതിനു മരുന്ന് കണ്ടു പിടിചീട്ടു വേണ്ടി വരുമോ എന്റെ അസുഖം മാറാന്‍?കൂടുതല്‍ ആലോചിക്കും തോറും എനിക്ക് കണ്ണടക്കാന്‍ തന്നെ ഭയമായി .ഇരുട്ടില്‍ ഞാന്‍ എന്നരൂപം അലിഞ്ഞു അലിഞ്ഞു ഇല്ലതകുന്നതുപോലെ ഒരു തോന്നല്‍ .ഒരു പക്ഷെ ഇതെന്റെ അവസാനത്തെ രാത്രിയായേക്കാം.നാളെ നേരം വെളുക്കുമ്പോള്‍ ഈ ബെഡില്‍ എന്റെ ശരീരം മാത്രമേ ഉണ്ടാകൂ .ഇങ്ങനെ  അറിയാതെ  ഓരോ ചിതകള്‍ മനസ്സിലേക്ക് കയറി വന്നു .
മരണത്തെ  കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്ക് ജീവിക്കാന്‍ കൊതി തോന്നി .ഇങ്ങനെ തട്ടി പോകാന്‍ ആയിരുനെങ്കില്‍ എന്തിനു ഇത്ര കഷ്ടപ്പെട്ട് പഠിച്ചു ,ജോലി ചെയ്തു ജീവിക്കുന്നു .ഒരേ സമയം എനിക്ക് ജീവിതത്തോട് കൊതിയും വെറുപ്പും തോന്നി .മരണത്തിനും ജീവിതത്തിനും ഇടയില്‍ ഒരു നൂല്‍ പാലത്തില്‍ എന്നാ പോലെ മനസ്സ് ആടികളിച്ചുകൊണ്ടിരുന്നു .
         പെട്ടന്നാണ് എന്റെ മനസ്സിലേക്ക് ഒരു വാചകം കടന്നു വന്നത് ,"let 's  hope for the best ".ഞാന്‍  രണ്ടുമൂന്ന് തവണ ഈ വാചകം മനസ്സില്‍ പറഞ്ഞു .ഇപ്പൊ മനസ്സിന് കുറച്ചു ധൈര്യം കിട്ടിയപോലെ തോന്നി .ഈ വാചകം നല്ല പരിചയം ഉണ്ടല്ലോ ,എവിടെയോ കേട്ട് മറന്നത് പോലെ , ഞാന്‍ ആലോചിച്ചു നോക്കി.
       ക്രൈസസ് വന്നു ജോലി പോയപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍  പരസ്പരം ആശ്വസിപ്പിക്കാന്‍ വേണ്ടി കണ്ടു പിടിച്ച technic ആണ്  ഈ വാചകം .ആരാണ് ആദ്യം ഇത് പറഞ്ഞത് എന്നറിയില്ല ,പക്ഷെ നിരാശയില്‍ മുങ്ങിയ ഞങ്ങള്‍ക്ക് മുന്നേറാനുള്ള കറുത്ത് തന്നത് ഈ വാചകമാണ് . ഞാന്‍ എന്റെ മനസിനോട് പറഞ്ഞു ,don't  worry ,  let 's  hope for the best .ഇരുട്ടില്‍ ഞാന്‍ ധൈര്യപൂരവം  കണ്ണുകള്‍ അടച്ചു ഉറങ്ങാന്‍ കിടന്നു ."let 's  hope for the best ."

വെറുതെ കുറച്ച് വരകള്‍







കഥ നായകനാകുന്ന ട്രാഫിക്‌

മലയാള സിനിമയില്‍ അധികം കാണാത്ത പ്രവണതയാണ് കഥ തന്നെ നായകനാകുന്ന 
സിനിമകള്‍ .ട്രാഫിക്‌ അത്തരമൊരു മാറ്റത്തിന്റെ ആരംഭം ആയി തീരട്ടെ എന്ന് ആദ്യം 
തന്നെ ആശംസിക്കുന്നു .മുന്‍നിര നായകന്മാരുടെ സഹായമില്ലാതെ മലയാളത്തില്‍ 
നല്ലൊരു ചിത്രമെടുക്കാനുള്ള ,പലരുടെയും പാളി പോയ ശ്രമങ്ങല്‍ക്കൊടുവില്‍  അവസാനം
ഇതാ ഒരു നല്ല ചിത്രം .ഇത്തരം ഒരു ഉദ്യമത്തിന് ധൈര്യം കാണിച്ച Rajesh Pillai ,  
Bobby-Sanjay ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും .ഇതിന്റെ കഥയെ കുറിച്ച് ഈ 
ആസ്വാദന കുറിപ്പില്‍ ഞാന്‍  അധികം പരാമര്‍ശിക്കുന്നില്ല ,കാരണം സിനിമ 
കാണുമ്പോഴുള്ള രസം നേരത്തെ കഥ പറഞ്ഞു കളയേണ്ടല്ലോ എന്ന് കരുതുയാണ് .
      ഒരു നായകനില്‍ ഒതുങ്ങി നില്‍ക്കാതെ കഥയ്ക്ക് ആവശ്യമായ രീതിയില്‍ 
കഥാപാത്രങ്ങളെ ഉപയോഗിക്കുന്നതില്‍ തിരകഥ കൃത്തുക്കളും സംവിധായകനും 
ഒരുപോലെ വിജയിച്ചിരിക്കുന്നു .കഥ പറയുന്ന ടീതിയില്‍ കൊണ്ടുവന്ന പുതുമകളും വളരെ
ആകര്‍ഷകമായിരുന്നു .എഡിറ്റിംഗ്   ആയാലും ക്യാമറ ആയാലും മിതമായ രീതിയില്‍ 
ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് മനസിലാക്കാന്‍ പല മലയാള സിനിമ
സംവിധായകരുംട്രാഫിക്‌ കണ്ടു പഠിക്കുന്നത് നല്ലതാണു .

ശ്രീനിവാസന്‍,വിനീത് ശ്രീനിവാസന്‍ ,സായി കുമാര്‍ ,അസിഫ് അലി ,കുഞ്ചാക്കോ 
ബോബന്‍,റഹ്മാന്‍ , സന്ധ്യ ,രമ്യ നമ്പീശന്‍ ,ലെന ,നാമിതാ ...എന്നിങ്ങനെ 
അഭിനേതാക്കളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് ഈ ചിത്രത്തില്‍  .ഇതില്‍ കുറച്ചു
തിളങ്ങി നില്‍ക്കുന്നത് ശ്രീനിവാസന്‍ ,അനൂപ്‌ മേനോന്‍ ,കുഞ്ചാക്കോ ബോബന്‍
എന്നിവരുടെ പ്രകടനമാണ് .കഥയില്‍ രണ്ട് ആക്സിടെന്റ്സ് നടക്കുന്നുണ്ട് ,രണ്ടും
ചിത്രീകരിച്ചിരിക്കുന്നത് മലയാള സിനിമ ഇന്നുവരെ കാണാത്ത perfection -ല്‍ ആണ്
(not like flying pazhassiraja ).ആദ്യത്തെ  ആക്സിടെന്റില്‍ തിയറ്ററിലെ മൊത്തം
ശ്വാസവും ഒരു നിമിഷത്തേക്ക് നിലച്ചുപോയി എന്ന് പറയേണ്ടി വന്നതില്‍
അതിശയോക്തി ഒന്നും ഇല്ല .അനാവശ്യമായ രണ്ട് പാട്ടുകള്‍ ഈ സിനിമയില്‍
ഉള്‍പെടുത്തിയിരിക്കുന്നത് എന്തിനാണ് എന്ന്  മനസിലായില്ല .സിനിമകണ്ട്‌
ഇറങ്ങിയ ആരും ഇതിനകത്ത് രണ്ട് പാട്ട് ഉള്ളതായി ഓര്‍മിക്കും എന്ന്
തോന്നുന്നില്ല .പാട്ട് ശ്രദ്ധിക്കാ പെട്ടില്ലെങ്കിലും മെജോ ജോസെഫിന്റെ bgm
നന്നായിരുന്നു .ചിത്രത്തിന് ആവശ്യമായ emotions create ചെയുന്നതില്‍
bgm വിജയിച്ചു .high angle ,low angle,follow ഇത്തരം വിക്രിയാസ്
ഒന്നും ഇല്ലാതെ thrilling ആയ ഒരു സ്റ്റോറി എങ്ങനെ പ്രസന്റ് ചെയ്യാം
എന്ന് സംവിധായന്‍ ട്രാഫിക്‌ -ലൂടെ  കാണിച്ച് തരുന്നു .

          ഈ ചിത്രത്തിന്റെ ഒരു പോരായ്മ അല്ല പ്രത്യേഗത ഈ ചിത്രം രഞ്ജിത്ത്
ശങ്കറിന്റെ passenger സഞ്ചരിച്ച വഴിയിലൂടെ തന്നെ വ്യത്യസ്തമായി, എന്നാല്‍
passenger-നേക്കാള്‍ മനോഹരമായി സഞ്ചരിക്കുന്നു എന്നതാണ് .denzel washington
നായകനായ taking of pelham 123 ,naseeruddin sha നായകനായ
A wednesday എന്നീ ചിത്രങ്ങള്‍ വാര്‍ത്തെടുത്ത അതെ അച്ചിലാണ്‌ ട്രാഫിക്കും
വാര്‍ത്തെടുതിരിക്കുന്നത് പടം കണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് അറിയാതെ
തോന്നി പോയി .passenger ,cocktail ,traffic ...ഇതുപോലെ കാണാന്‍ കൊള്ളാവുന്ന
സിനിമകള്‍ മലയാളത്തില്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.
എന്‍റെ Rating :8 /10