ചീരാച്ചിയുടെ ഓര്‍മ്മകുറിപ്പുകള്‍-അമ്മ

രമണിയേച്ചിയെയാണ് ഞാന്‍ ആദ്യമായി അമ്മേ.. എന്ന് വിളിച്ചത് .ഓര്‍മയുടെ താളുകളില്‍ രമണിയേച്ചിയുടെ മാറില്‍ പറ്റിപിടിച്ചു കിടക്കുന്ന ഒരു കുഞ്ഞിന്റെ സുഖം ഇപ്പോഴും ഉണ്ട് .ബുദ്ധിയുറച്ച്
നടക്കാന്‍ തുടങ്ങിയപ്പോള്‍ ആരോ തന്നെപറ്റി പറയുന്നത് കേട്ടു,"അവന്‍ അമ്മയില്ലാത്ത കൊച്ചല്ലേ ."എന്ന് .വീട്ടില്‍ വന്നു രമണിയേച്ചിയോട് ചോദിച്ചപ്പോള്‍ പറഞ്ഞു ,"നീ എന്റെ മോനല്ലേ .ആരാ പറഞ്ഞെ ഞാന്‍ നിന്റെ അമ്മയല്ല എന്ന് ." രമണിയേച്ചി എന്റെ കവിളില്‍ തെരുതെരെ ചുംബിച്ചു .

ഒരു ദിവസം ചങ്ങാലി പുഴയുടെ താഴെ റെയില്‍ പാലത്തിനു താഴെ നില്‍ക്കുമ്പോള്‍ മേലാകെ വൃത്തികേടായി .അന്ന് അമ്മപറഞ്ഞു തന്നു ,"മോനെ തീവണ്ടി ഓടുമ്പോള്‍ പാലത്തിനു താഴെ നില്‍ക്കരുത് ,ചിലപ്പോള്‍ ട്രെയിന്‍ മൂത്രിക്കും."എന്ന് .അന്ന് അമ്മതന്നെ എന്റെ മേലുണ്ടായിരുന്ന അഴുക്കെല്ലാം തുടച്ചു വൃത്തിയാക്കി .പിന്നെ ഒരു ദിവസം പുഴയ്ക്കു മുകളിലൂടെ ഒരു തീവണ്ടി പോയപ്പോള്‍ അതില്‍ അമ്മയും ഉണ്ടായിരുന്നു .അമ്മ എന്തിനു പോകുന്നു ,എങ്ങോട്ട് പോകുന്നു എന്ന് എനിക്ക് പറഞ്ഞു തരാനുള്ള പ്രായം അന്ന് എനിക്ക് ഇല്ലായിരുന്നു .അമ്മ ഒരു കാര്യം മാത്രം പറഞ്ഞു ,"നിന്റെ അമ്മ ഒരു ദിവസം മടങ്ങിവരും ".
ആ ട്രെയിന്‍ അന്ന് അമ്മയെയും കൊണ്ട് എങ്ങോട്ടോ പോയി .അതില്‍ പിന്നെ ഞാന്‍ അമ്മയെ കണ്ടിട്ടില്ല .

വീടിന്റെ മുറ്റത്ത് തനിച്ചിരുന്ന എന്നെകണ്ട അമ്മിണിയേച്ചി ചോദിച്ചു,"ചീരാച്ചി എന്താ തനിച്ചിരിക്കുന്നത് "എന്ന് .
ഞാന്‍ പറഞ്ഞു ,"എന്റെ അമ്മ പോയി "
അമ്മിണിയേച്ചി പറഞ്ഞു ,"ചീരാച്ചി അമ്മിണിയേച്ചിടെ മോനല്ലേ "
അന്നുമുതല്‍ രാജനെ കൂടാതെ അമ്മിണിയേച്ചിക്ക് ഒരു മകനും കൂടി ആയി .രാജന് കപ്പ പുഴുങ്ങിയതും ചായയും കൊടുക്കുമ്പോള്‍ ഒരു കഷണം അമ്മിണിയേച്ചി എനിക്കും തന്നു .അമ്മിണിയേച്ചിക്ക്  എന്നെ ഇഷ്ടമായിരുന്നെങ്കിലും രാജനെപോലെ എന്നെ ഇഷ്ടപെടനായില്ല .പക്ഷെ ഞാനും രാജനും നല്ല കൂടുകരായി മാറി .അമ്മിണിയേച്ചി തരാതെ    മാറ്റിവച്ച സ്നേഹം രാജന്‍ എനിക്ക് പകുത്തു തന്നു .
വൈകാതെ എനിക്ക് ഒരു കാര്യം മനസിലായി .എനിക്ക് അമ്മയില്ല .രമണിയേച്ചിയും അമ്മിണിയേച്ചിയും എന്റെ അമ്മയല്ല .

ചങ്ങാലി പട്ടണത്തിന്റെ അരികിലൂടെ ഒഴുകിയിരുന്ന ചങ്ങാലി പുഴയാണ് ചങ്ങാലിക്കാര്‍ക്ക്  എല്ലാം .ഒരു ദിവസം ചങ്ങാലി പുഴയെ നോക്കി ഞാന്‍ അമ്മേ ...എന്ന് ഉറക്കെ വിളിച്ചു .എന്റെ അമ്മ പുഴയുടെ ഏതോ കരയിലിരുന്നു വിളികേട്ടു .പിന്നെ ഞാന്‍  എന്തുണ്ടെങ്കിലും നേരെ അമ്മയുടെ അടുത്ത് വരും എല്ലാം അമ്മയോട് പറയും .രാത്രി ഞാനും അമ്മയും ആകാശത്ത് നക്ഷത്രങ്ങളെ നോക്കി കഥകള്‍ പറഞ്ഞു അങ്ങനെ കിടക്കും .ചിലപ്പോള്‍ അമ്മയുടെ മടിയില്‍ കിടന്നു തന്നെ ഞാന്‍ ഉറങ്ങും .അമ്മ എന്റെ നെഞ്ചിലൂടെ ഒരു തണുത്ത കാറ്റായി ഒഴുകി നടക്കും .

ചീരാച്ചിയുടെ ഓര്‍മ്മകുറിപ്പുകള്‍-മഴക്കാലം

                                                                                                                                                                             മഴക്കാലം പട്ടിണിയുടെ കാലമാണ് .മഴക്കാലത്ത് പണിയൊന്നും ഇല്ലാത്തതുകൊണ്ട് മിക്കവാറും പട്ടിണിയാകും .വിശപ്പ്‌ സഹിക്കാതാകുമ്പോള്‍ അടുത്തുള്ള വീടുകളില്‍ കയറി മോഷ്ടിക്കും  .ചിലര്‍ ഭക്ഷണം മാത്രം മോഷ്ടിക്കും .ചിലര്‍ ഭക്ഷണത്തോടൊപ്പം കൈയില്‍ കിട്ടിയതെല്ലാം മോഷ്ടിക്കും .പലരും പിന്നീട് പിടിക്കപെടും .അങ്ങനെ പിടിക്കപ്പെട്ട കള്ളന്മാരില്‍ ഒരാളാണ് ഞാനും .                 

എന്റെ പേര്  ശ്രീരാജ് .എല്ലാവരും എന്നെ ചീരാച്ചി എന്ന് വിളിക്കും .ഞാന്‍ കുറച്ചു ഭക്ഷണം മാത്രമേ എടുത്തുള്ളൂ .പക്ഷെ ഞാന്‍ കയറിയ വീട്ടില്‍ അന്നുതന്നെ വേറെ ചിലരും കയറി .അവര്‍ വിലപിടിപ്പുള്ള പലതും മോഷ്ടിച്ചു.അവരെല്ലാം പിടിക്കപെട്ടു ,ഒപ്പം ഞാനും .
     ആദ്യമൊക്കെ പിടിക്കപെടുമോ എന്നുള്ള പേടിയായിരുന്നു .പിന്നീട് എനിക്ക് തോന്നി മഴക്കാലത്ത് പുറത്ത് അലഞ്ഞു നടക്കുന്നതിലും ഭേദം ഈ തടവറയാണെന്ന്  .പിന്നെ ഞങ്ങള്‍ മഴക്കാലത്ത് പിടിക്കപെടനായി കാത്തിരിക്കും .പിടിക്കപെട്ടുകഴിഞ്ഞാല്‍ പിന്നെ ആ മഴക്കാലം സുഭിക്ഷമാണ് .നേരത്തിനു ഭക്ഷണം കഴിച്ചു ,സുഖമായി ഉറങ്ങി ,മഴകണ്ട് അങ്ങനെ കുറച്ചു കാലം .



     ഈ നാളുകളില്‍ മനസിലേക്ക് പലതും ഓടിവരും .കഷ്ട്ടപാടും നഷ്ടബോധവും വന്നു നിറയുമ്പോള്‍ മനസ്സ് സുഖമുള്ള ഓര്‍മ്മകള്‍ തേടി അലയും .പിന്നെ സ്വപ്നങ്ങളും ഓര്‍മകളും പെയ്തിറങ്ങുകയായി .മഞ്ഞു മൂടിയ താഴ്വരകളിലൂടെ ഒരിലകണക്കെ മനസ്സ് ഒഴുകിനടക്കാന്‍ തുടങ്ങും .ദുരിതങ്ങളില്‍ നിന്നുള്ള മോചനമായി ഞങ്ങള്‍ ഈ ബന്ധനം ആസ്വദിക്കും .