മണവാളന്‍

"മെല്‍ബ്യേട്ടാ.."
ആരോ മെല്‍ബിയെ പുറകില്‍ നിന്നും വിളിച്ചു .മെല്‍ബി തിരിഞ്ഞു നോക്കി .
അടുത്ത വീട്ടിലെ തോമസ് ചേട്ടന്റെ മകന്‍ റോയ് .അവന്‍ വെറുതെ കുശലം
ചോദിക്കാന്‍ വേണ്ടി വിളിച്ചതാണ് .അവനോടു ഒന്നും രണ്ടും പറഞ്ഞു മെല്‍ബി
തടിയൂരി .കാരണം മെല്‍ബി തിരക്കിലാണ് ,നാളെ മെല്‍ബി യുടെ കല്യാണമാണ് .
പള്ളിയില്‍ ചെന്ന് അച്ഛനെ കണ്ടു നാളത്തെ കാര്യം ഒന്നുകൂടി ഓര്‍മിപ്പിക്കാന്‍
മെല്‍ബി പള്ളിയിലേക്ക് ഇറങ്ങിയതാണ് .മെല്‍ബി പാടവരമ്പത്ത് കൂടെ നീട്ടി
പിടിച്ചു നടന്നു .

മെല്‍ബി.പേര് കേള്‍കുമ്പോള്‍ തോന്നും ആളൊരു പരിഷ്കരിയാണ്‌ എന്ന് .
പക്ഷെ മെല്‍ബി ആളൊരു  തനി നാട്ടിന്‍ പുറത്ത്തുകാരന്‍ ആണ് .മെല്‍ബിയുടെ
അപ്പന് ടൌണില്‍ കച്ചവടം ആയിരുന്നു .മെല്‍ബി ജനിച്ചപ്പോള്‍ 
അപ്പന്‍ ടൌണിലെ കട വിട്ടു നാട്ടിന്‍ പുറത്തേക്കു പോന്നു .
കാരണം പട്ടണത്തിലെ തിരക്ക് പിടിച്ച ജീവിതം അപ്പന് മടുത്തിരുന്നു .
അപ്പന്‍ മെല്‍ബിയെ നാട്ടിലെ ഗവണ്മെന്റ് ഹൈ സ്കൂളില്‍ 
ചേര്‍ത്തു.നാട്ടിന്‍ പുറത്തെ എല്ലാ നന്മകളോടും കൂടെ അങ്ങനെ മെല്‍ബി 
വളര്‍ന്നു വലുതായി.

ഇന്ന് മെല്‍ബിക്ക് സ്വന്തമായി ഒരു ബിസിനസ്സ് ഉണ്ട് .കാറ്റെറിംഗ്  സര്‍വീസ് .
അപ്പന്റെ പേരാണ് കാറ്റെറിംഗ് കമ്പനിക്ക് കൊടുത്തിരിക്കുന്നത് .
ഈപ്പന്‍സ് കാറ്റെറിംഗ് സര്‍വീസ് .ഈപ്പന്സിനു സ്വന്തമായി ഒരു പെട്ടി 
ഒട്ടേം,ഇരുന്നൂറു കസേരേം ,അമ്പതു ടേബിളും,ആവശ്യത്തിനു മുളയും,
തുണിയും,പാത്രങ്ങളും എല്ലാം ഉണ്ട് .മെല്‍ബിയുടെ ശ്രമ ഫലമായി
ഈപ്പന്‍സ് ഇന്ന് നാട്ടിലെ അറിയപെടുന്ന ഒരു കാറ്റെറിംഗ്  സര്‍വീസ്
ആയി മാറി .


നല്ല രീതിയില്‍ ബിസിനസ് നടത്തികൊണ്ടിരുന്ന മകനോട്‌ അപ്പന്‍
ചോദിച്ചു .നിനക്കിനി ഒരു കല്യാണം കഴിക്കണ്ടേ മെല്‍ബി?
.
കല്യാണം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ മെല്‍ബി  അപ്പനോട് ഒരേ ഒരു 
കാര്യമേ പറഞ്ഞുള്ളൂ ,"അപ്പാ ,പെണ്ണിന് നല്ല പോലെ വെപ്പ് അറിയണം ,
ഏത്,അരിവേപ്പേ.."

അങ്ങനെ മെല്‍ബി പെണ്ണ് അന്വേഷണം തുടങ്ങി .
ബ്രോക്കെര്‍ മെല്‍ബിക്ക് ഓരോ കുട്ടികളെയായി ഫോട്ടോ കാണിച്ച്
പരിചയപെടുത്തി .കൊച്ചു മാത്തേട്ടന്റെ മകള്‍ ജിനി .ജിനിയുടെ ഫോട്ടോ
കണ്ടപ്പോള്‍ മെല്‍ബി  മനസ്സില്‍ പാടി "മറകുടയാല്‍ മുഖം മറക്കും
മാനല്ല ...മഷി കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ  ..."
മെല്‍ബിയുടെ മനസിലൂടെ ജിനി കാറ്റത്ത്‌ പറന്നു കളിക്കുന്ന ഷാളും
പിടിച്ചുകൊണ്ടു ഓടി മറഞ്ഞു .


മെല്‍ബി  ജിനിയെ കാണാന്‍ ചെന്നു .
ചായ കുടിയും ,തറയില്‍ കളം വരക്കലും ,കുശല പ്രശ്നങ്ങളും എല്ലാം
 കഴിഞ്ഞപ്പോള്‍ മെല്‍ബി പെണ്ണിന്റെ വീട്ടുകാരോട് 
പറഞ്ഞു ,"എനിക്ക് പെണ്ണിനോട് ഒന്ന് സംസാരിക്കണം ."
വീട്ടുകാരുടെ സമ്മതത്തോടെ മെല്‍ബി പെണ്ണിനോട് സംസാരിക്കാന്‍ 
ആരംഭിച്ചു.
മെല്‍ബി:ജിനിനല്ലേ പേര് ?
പെണ്ണ് :അതെ .
മെല്‍ബി:എന്തൊക്കെ കറി വക്കാന്‍ അറിയാം ?
പെണ്ണ് :ചമ്മന്തി പൊടിക്കും ,പപ്പടം വറക്കും അങ്ങനെ എല്ലാം ചെയും .
ജിനി നാണത്തോടെ പറഞ്ഞു 
മെല്‍ബി:അത്രേ ഉള്ളൂ .കൊച്ചിന്റെ അമ്മ പറഞ്ഞത് എല്ലാ കറിയും
വെക്കുമെന്നാലോ.
പെണ്ണ് :എല്ലാ കറിയും വെക്കും .
മെല്‍ബി:ചിക്കന്‍ വെക്കാന്‍ അറിയോ ?
പെണ്ണ് :ചിക്കനും മട്ടനും ബീഫും എല്ലാം വെക്കും .
മെല്‍ബി:അന്നാ പറാ.കറിക്ക് -----രുചികൊടുക്കുന്നു ?
പെണ്ണ് :ഉപ്പ്.
മെല്‍ബി:ഞെട്ടില്ല വട്ടയില ?
പെണ്ണ്:പപ്പടം .ഉത്തരങ്ങള്‍ കേട്ട് മെല്‍ബി ഒന്ന് ഞെട്ടി  .ഇവള്‍ ആള് പുലിയാണല്ലോ 
എന്ന് മനസ്സില്‍ പറയുകയും ചെയ്തു .
മെല്‍ബി ഒന്നും മിണ്ടുന്നില്ല ....നീണ്ട ആലോചനയിലാണ് .
പിന്നെ പായസം കുടിച്ച കൊച്ചു പയ്യനെ പോലെ മെല്‍ബി ജിനിയുടെ 
മുഖത്ത് നോക്കി ഒന്ന് ചിരിച്ചു .പെണ്ണ് തിരിച്ചും ചിരിച്ചു .

വൈകാതെ മെല്‍ബിയുടെയും ജിനിയുടെയും കല്യാണം ഉറപ്പിച്ചു .

ഒരു വിധത്തില്‍  മന:സമ്മതം കഴിഞ്ഞു .ഒരു വിധത്തില്‍ എന്ന് പറയാന്‍ കാരണം 
ഉണ്ട് .സമ്മതത്തിന് പള്ളിയില്‍ വച്ച് കുരിശു വരച്ചപ്പോളാണ് അച്ഛന്‍ ഒരു കാര്യം 
കണ്ടു പിടിച്ചത് ,ചെക്കന് കുരിശു വരയ്ക്കാന്‍ അറിയില്ല .അച്ഛന്‍ ചടങ്ങ്
കഴിഞ്ഞപ്പോള്‍ അപ്പനെ വിളിച്ചു പറഞ്ഞു ,"ചെക്കന് കുരിശു വരയ്ക്കാന്‍ അറിയില്ല
എങ്കില്‍ കെട്ട് നടക്കൂല ...."

അന്ന് രാത്രി മെല്‍ബി കുരിശു വര പഠിക്കലായിരുന്നു പണി .നെറ്റിയില്‍ ഒരു കുരിശു ,
ചുണ്ടില്‍ ഒരു കുരിശു നെഞ്ചില്‍ ഒരു കുരിശു .പിന്നെ നെറ്റിയിലും നെഞ്ചത്തും
രണ്ടു ചുമലിലും  ഓരോ തട്ടും, കഴിഞ്ഞു .മെല്‍ബി  നെടുവീര്‍പിട്ടു .
ഇതിനാണ് അച്ഛന്‍ കിടന്നു ബഹളം വച്ചിരുന്നത് .സമ്മതത്തിനു
പള്ളിയില്‍ വച്ച് വരച്ചപ്പോള്‍ രണ്ടു കുരിശു കുറഞ്ഞു പോയി ..അല്ല
അവസാനത്തെ കുരിശാണ് വരയ്ക്കാന്‍ മറന്നത് .മെല്‍ബി  ഓര്‍ത്തെടുത്തു .
മെല്‍ബി  അടുപ്പിച്ച്  പത്തിരുപതു തവണ കുരിശു വരച്ചു .ഇപ്പൊ അര സെക്കന്റു
വേണ്ട ഒരു തവണ  കുരിശു വരയ്ക്കാന്‍ .പെട്ടി ഓട്ടോയില്‍ H എടുക്കാന്‍ പഠിച്ചത്
പോലെ നല്ല സ്പീഡില്‍ ആയി മെല്‍ബിയുടെ കുരിശു വര .  

മെല്‍ബി നടന്ന് നടന്ന് പള്ളിനടയില്‍ എത്തി .അച്ഛന്റെ മുറിയുടെ വാതിലില്‍ തട്ടി .
ഒരു കള്ളി മുണ്ട്  മാത്രം ഉടുത്തു കൊണ്ട് അച്ഛന്‍ പുറത്തേക്കു വന്നു .മെല്‍ബി കാര്യം
പറഞ്ഞു .
അച്ഛന്‍ ചോദിച്ചു ,"നീ കുരിശുവരക്കാന്‍ പഠിച്ചോ ?"
അച്ഛന്‍ ചോദ്യം മുഴുമിപിക്കുന്ന്നതിനു മുന്‍പ് മെല്‍ബി  കൈ മുന്നോട്ടു എടുത്തു ,
റിവേര്‍സ് എടുത്തു അഞ്ച് സെക്കന്റു കൊണ്ട്  നെറ്റിയില്‍ കുരിശു വരച്ചു
കാണിച്ചു കൊടുത്തു .അച്ഛന്‍ ഒന്ന് ഞെട്ടി .
അച്ഛന്‍ പറഞ്ഞു ,"മെല്‍ബി നീ കല്യാണത്തിന് ഇത്ര സ്പീഡില്‍ ഒന്നും കുരിശു 
വരക്കണ്ട ,സാവധാനം മതി .എന്തായാലും നീ നാളെ പോരെ നിന്റെ കെട്ട് ഞാന്‍ 
നാളെ തന്നെ നടത്തി തരാം ."

മെല്‍ബി സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി .ചെന്നീട്ടു വേണം താലി കെട്ട് 
പഠിക്കാന്‍  .ഷിബുവിനോടും ഷാജിയോടും  വരാന്‍  പറഞ്ഞിട്ടുണ്ട് .രണ്ടുപേരുടെയും 
കല്യാണം കഴിഞ്ഞതാണ് .
എന്തൊക്കെ പഠിക്കണം ഒരു കല്യാണം കഴിക്കാന്‍ .നമസ്ക്കാരം ചൊല്ലി അച്ഛനെ
കേള്‍പിക്കണം.കുരിശു വരച്ചു കാണിച്ചു കൊടുക്കണം .കെട്ട് കുമ്പസാരം നടത്തണം .
അരമനയില്‍ വിവാഹത്തിന് മുന്‍പുള്ള  ക്ലാസ്സില്‍ പങ്കെടുക്കണം .ഓ..ഇതിലും എത്രയോ എളുപ്പമാണ് കാറ്റെറിംഗ്  സര്‍വീസ് നടത്താന്‍.മെല്‍ബി മനസ്സില്‍ പറഞ്ഞു .

മെല്‍ബി വീട്ടില്‍ എത്തിയപ്പോഴേക്കും ഷിബുവും ഷാജിയും  വീട്ടില്‍ എത്തിയിരുന്നു .
വേഗം തന്നെ ഭക്ഷണം കഴിച്ചു ,മൂന്ന് പേരും മുറിയില്‍ കയറി 
കതകു അടച്ചു .രണ്ടു പേരും കൂടി  മെല്‍ബിയെ താലി കെട്ടേണ്ട വിധം എങ്ങനെ എന്ന് പഠിപ്പിച്ചു .ഷാജി  മുട്ടുകുതിനിന്നു ,ഷിബു  മെല്‍ബിക്ക് ഡമ്മി താലി  എടുത്തു കൊടുത്തു .മെല്‍ബി ഷാജിയുടെ  കഴുത്തില്‍ അഞ്ചാറ് വട്ടം താലി  കെട്ടി പഠിച്ചു .


താലി കെട്ടാന്‍ പഠിച്ചു കഴിഞ്ഞു മൂന്ന് പേരും കിടക്കാന്‍ തുടങ്ങുമ്പോള്‍ പതിവുപോലെ നേരം പത്രണ്ട് മണിയായി .

ഉറങ്ങാന്‍ കിടക്കുമ്പോഴും മെല്‍ബിയുടെ മനസ്സ് തിരക്കിട്ട ചിന്തയിലാണ് .
വണ്ടിയുടെ കാര്യം   തോമസ് അളിയനെ(വല്യപ്പന്റെ മകളുടെ ഭര്‍ത്താവ് ) ഏല്പിച്ചിട്ടുണ്ട് .ഭക്ഷണം ഒസേപ്പു അളിയനെയും .ഭക്ഷണം സ്വതം കമ്പനിയില്‍ നിന്നും ആയതു
കൊണ്ട്  പിന്നെ അധികം മിനക്കെടില്ല .എല്ലാം കഴിഞ്ഞു ഉറങ്ങാന്‍ തുടങ്ങുമ്പോള്‍എന്നും പന്ത്രണ്ടര ഒരുമണി ആകും.ഇപ്പൊ ഒരാഴ്ചയായി മെല്‍ബിയുടെ സ്ഥിതി ഇതാണ് .
എന്തിനു പാലക്കാടു  ഉള്ള അമ്മടെ അമ്മായിടെ മകളുടെ വീട്ടില്‍ കല്യാണം വിളിക്കാന്‍.ചെന്നതു രാത്രി പത്തരക്കല്ലേ .എട്ടുമണിക്ക് എത്തേണ്ട വണ്ടി ഇടയ്ക്കു വച്ച് പഞ്ചറായി. അവിടെക്കാണെങ്കില്‍ വണ്ടികളും കുറവാണു .പിന്നെ എല്ലാം കഴിഞ്ഞു സിസിലി ചേച്ചിടെ വീടെത്തുമ്പോള്‍ മണി പത്തര .ഉറങ്ങികിടന്നവരെ എല്ലാം വിളിച്ചുണര്‍ത്തി കല്യാണം വിളിച്ചു തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ രാത്രി രണ്ടു മണി .

അങ്ങനെ ഒരുപാട് നാളത്തെ കഷ്ട്ടപാടിനു ശേഷം ഇന്ന്  മെല്‍ബിയുടെ കല്യാണം ആണ് .

മെല്‍ബി കള്ളിമുണ്ടും വള്ളി ബനിയനും മാറ്റി പാന്റ്സും കോട്ടും ധരിച്ചു .കാലില്‍ ഷൂ.കഴുത്തില്‍ ടൈ .പോക്കെറ്റില്‍ ഒരു റോസാ പൂ .കാറ്റെറിംഗ്കാരന്‍  മെല്‍ബി പൂര്‍ണമായും ഒരു കല്യാണ ചെക്കനായി മാറി .കുരിശു വരച്ചു കുടുംബസമേതം പള്ളിയിലേക്ക് യാത്രയായി .


പള്ളിയില്‍ മെല്‍ബിയും വീട്ടുകാരും എത്തി .പെണ്ണും വീട്ടുകാര്‍ ഇത് വരെ എത്തിയിട്ടില്ല .
മെല്‍ബി തോമസ്‌ അളിയനോട് പറഞ്ഞു ,"അളിയാ അവര് ഇതുവരെ എത്തിയില്ലല്ലോ ?
പന്ത്രണ്ടു മണിക്ക് ഇനി അഞ്ചു മിനിട്ട് അല്ലെ ഉള്ളൂ ."
അളിയന്‍ :അവര് വന്നോളും  .നീ ഒന്ന് പെടക്കാണ്ട് നിക്കെട മെല്‍ബി.
അളിയന്‍ പറഞ്ഞ പോലെ പെണ്ണും വീട്ടുകാര്‍ കറക്റ്റ് സമയത്ത് തന്നെ എത്തി .
ചടങ്ങ് തുടങ്ങി .
അച്ഛന്‍ താലിയും മന്ത്രകോടി  സാരിയും മോതിരവും എടുത്തു ആശിര്‍വദിച്ചു മെല്‍ബിയുടെ കൈയില്‍ കൊടുത്തു .
ഷാജിയുടെ കഴുത്താണ് എന്ന് കരുതി കണ്ണടച്ച്  കൈ വിറക്കാതെ മെല്‍ബി ജിനിയുടെ കഴുത്തില്‍ താലി കെട്ടി .
മോതിരം ഇട്ടു.മന്ത്രകോടി എടുത്തു ജിനിയുടെ കൈയില്‍ ഇട്ടു .


അച്ഛന്‍ പ്രസംഗം തുടങ്ങി .ഭാര്യ ഭര്‍തൃ  ബന്ധത്തിന്റെ മഹാത്മ്യത്തെ കുറിച്ചും മറ്റും അച്ഛന്‍ പറഞ്ഞുകൊണ്ടിരുന്നു .ഭാര്യ  ഭര്‍ത്താവിനെ അനുസരിക്കണം ,ഭര്‍ത്താവു ഭാര്യയെ
വിശ്വസിക്കണം  .ഭാര്യ ഭര്‍ത്താവിനെ സ്നേഹിക്കണം ...അങ്ങനെ നീണ്ട ഒരു ഉപദേശം .
അച്ഛന്‍ പറഞ്ഞതൊന്നും മെല്‍ബിയുടെ കാതില്‍ എത്തിയില്ല .കാരണം മെല്‍ബിക്ക് അടിവയറ്റില്‍ ഒരു ശങ്ക .കെട്ട് കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് .അപ്പോഴാണ് അച്ഛന്റെ ഒടുക്കത്തെ ഒരു പ്രസംഗം .മെല്‍ബി കടിച്ചു പിടിച്ചു നിന്നു.


പള്ളിയിലെ ചടങ്ങുകള്‍ കഴിഞ്ഞതും മെല്‍ബി അളിയന്മാരെ നോക്കി ചൂണ്ടാണി വിരല്‍ പൊക്കി കാണിച്ചു .തോമസളിയന്‍ അടുത്ത് വന്നു കാര്യം തിരക്കി .
അളിയന്‍ പറഞ്ഞു എന്തായാലും നീ വാ നമുക്ക് ശരിയാക്കാം .മെല്‍ബി പെണ്ണിനെ അവിടെ നിര്‍ത്തി പതുക്കെ സ്കൂള്‍ വിട്ട കുട്ട്യേ പോലെ  ഓടി .എല്ലാവരും അളിയനോട് കാര്യം തിരക്കി .അളിയന്‍ പെണ്ണും വീട്ടുകാരോട് കാര്യം പറഞ്ഞു .
എല്ലാം എല്ലാവരും അറിയുന്നതിന് മുന്‍പേ മെല്‍ബി തിരിച്ചെത്തി ."ആ ഇവിടെ വെടിക്കെട്ട്‌ ഉണ്ടായിരുന്നോ?" എന്ന് ചോദിക്കുന്ന ബാധിരനെ പോലെ മേല്ബി  പെണ്ണിന്റെ അടുത്ത് വന്നു നിന്നു .


പള്ളിയില്‍ നിന്നും  ചെക്കനും പെണ്ണും വീട്ടിലേക്കു വന്നു .
നെല്ലും നീരും വീത്തി ചെറുക്കനേയും പെണ്ണിനേയും വീട്ടിലേക്കു സ്വീകരിച്ചു.പന്തലില്‍  വച്ച് അതിഥികള്‍ക്കായി ഈപ്പന്‍സ് കാറ്റെറിംഗ് സര്‍വീസിന്റെ  വക വിഭവ സമൃദമായ സദ്യ  നടന്നു .


ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയംഏകദേശം അഞ്ച് മണിയായി .

അതിഥികള്‍ എല്ലാം പിരിഞ്ഞു പോയി .ഇനി അടുത്ത ചില ബന്ധുക്കള്‍ മാത്രമേ വീട്ടിലുള്ളൂ .ഓരോ ടീം ആയി വീട്ടില്‍ ഉള്ളവരെല്ലാം ഭക്ഷണം കഴിച്ചു .ഭക്ഷണം കഴിഞ്ഞപ്പോള്‍  ഓരോരുത്തരായി ഓരോ സൈഡില്‍ ചയാന്‍ തുടങ്ങി .


മെല്‍ബി പതുക്കെ അവന്റെ റൂമില്‍ കയറി .ഷര്‍ട്ടെല്ലാം  അഴിച്ചു മാറ്റി കിടക്കാന്‍ ഉള്ള വട്ടം കൂട്ടി.മെല്‍ബിക്ക് നല്ല ക്ഷീണം തോന്നി .എങ്ങനെ എങ്കിലും ഒന്ന് കിടന്നാല്‍ മതിയെന്നായി .പക്ഷെ എങ്ങനെ കിടക്കും ,എങ്ങനെ ഉറങ്ങും ,ഇന്ന് ആദ്യ
രാത്രിയല്ലേ .ഭാര്യ വരുന്നതുവരെ കാത്തിരിക്കണം .അവന്‍ കല്യാണത്തിന് ചിലവായ കണക്കെല്ലാം നോക്കി മുറിയില്‍ ഇരുന്നു .


അധികം കാത്തിരിക്കേണ്ടി വന്നില്ല അതിനു മുന്‍പ ആരൊക്കെയോ ചേര്‍ന്ന് ജിനിയെ റൂമിലേക്ക്‌ തള്ളി വിട്ടു .


അവള്‍ ഇപ്പോള്‍ ഉടുത്തിരിക്കുന്നത് സാധാരണ ഒരു സാരിയാണ് .പെണ്ണ് കാണാന്‍ ചെന്നപ്പോഴും മന:സമ്മതത്തിന്റെ അന്നും കല്യാണത്തിനും അവള്‍ മുഴുവന്‍ മേക്കപ്പിലായിരുന്നു.ഇതാ ഇപ്പോഴാണ്‌ അവളെ സാധാരണ രൂപത്തില്‍ കാണാന്‍ സാധിക്കുന്നത്‌ .അവന്‍ അവളെ കണ്‍ നിറയെ
ഒന്ന് നോക്കി.അവള്‍ അവന്റെ അടുത്ത് വന്നു.
അവന്‍ ചോദിച്ചു ,"പാലില്ലേ ...?"
അവള്‍ നാണത്തോടെ ഇല്ലന്നു തലയാട്ടി .
അവന്‍ പറഞ്ഞു ,"ആ അമ്മക്കറിയാം ഞാന്‍ രാത്രി പാല് കുടിക്കില്ല എന്ന് . "
അവന്‍ വീണ്ടും ചോദിച്ചു ,"ജിനി എന്താ എന്നെ വിളിക്യാ ?"
നാണം വിട്ടുമാറാതെ അവള്‍ പറഞ്ഞു ,"മെല്‍ബിയേട്ടാ എന്ന് "
അവന്‍ പറഞ്ഞു ,"ഞാന്‍ പേടിച്ചു ,ഇനി വല്ല  ഊ ,പൂ ,അധിയാന്‍ എന്നോക്കെയാവോ വിളിക്ക്യ എന്ന് കരുതി .
മെല്‍ബി:ഒന്നുംകൂടി ഒന്ന്  വിളിച്ചേ .
ജിനി :മെല്‍ബിയേട്ട.
അവന്റെ മനസ്സില്‍ ആയിരം ജിലേബി  ഒന്നിച്ചു പൊട്ടി .


ജിനി നമുക്ക് കിടന്നാലോ .അവള്‍ തലയാട്ടി ,കട്ടിലിലേക്ക് കയറി കിടന്നു .അവന്‍ അവളുടെ തൊട്ടടുത്തും .രണ്ടുപേരും തൊട്ടു തൊട്ടില്ല എന്നാ നിലയില്‍ കിടന്നു .

ഒരു പെണ്ണ് തന്റെ അരികില്‍ കിടക്കുന്നു എന്നാ ചിന്ത മെല്‍ബിയുടെ ഹൃദയമിടിപ്പ്‌ കൂട്ടി .പിരിമുറുക്കം കുറക്കാന്‍ വേണ്ടി മെല്‍ബി സംസാരിക്കാന്‍ ശ്രമിച്ചു .
മെല്‍ബി പറഞ്ഞു  ,ഞാന്‍ ഉറങ്ങിയീട്ട് ആഴ്ചകളായി.
ജിനി :ഞാനും 
മെല്‍ബി വിറയ്ക്കുന്ന കൈയെടുത്ത് ജിനിയുടെ കവിളില്‍ ഒന്ന്  തൊട്ടു,എന്നീട്ടു ചോദിച്ചു 
"ഞാനൊന്നു തൊട്ടോട്ടെ "
ജിനി മൂളി .മെല്‍ബിയും .
മെല്‍ബി പറഞ്ഞു ,"എനിക്ക് ഉറങ്ങണം" 
ജിനി പറഞ്ഞു ,"എനിക്കും "
"അയ്യോ ഞാന്‍ മറന്നു "മെല്‍ബി .
"എന്താ ?"അവള്‍ ചോദിച്ചു .
മെല്‍ബി:വിളക്കണച്ചില്ല.
അവള്‍ ചിരിച്ചു .
പിന്നെയും അവര്‍ എന്തൊക്കെയോ  പറഞ്ഞു ,
പറഞ്ഞതെല്ലാം വെറും വാക്കുകളായി ഇരുളില്‍ ലയിച്ചു .