മഴയും സ്‌കൂളും
മഴക്കാലത്തെ കുറിച്ചുള്ള സ്‌കൂൾഓർമ്മകൾ എന്ന് പറയുമ്പോൾ മനസിലേക്ക് ആദ്യം ഓടി വരുന്നത് ജൂൺ ഒന്നിന് രാവിലെ സ്‌കൂളിൽ പോകാൻ തുടങ്ങുമ്പോൾ പെയ്യുന്ന മഴയെ കുറിച്ചാണ് . അതുവരെ ഒരു തുള്ളി പോലും പെയ്യാതെ നിന്ന് , എല്ലാ കുട്ടികളും സ്‌കൂളിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ കൃത്യമായി പെയ്യുന്ന മഴ . സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഇട്ട പുത്തൻ ഉടുപ്പുകൾ എല്ലാം നനഞ്ഞുകൊണ്ട് ക്‌ളാസിലേക്ക് കയറി ചെല്ലുന്നത് . ടീച്ചർ ക്‌ളാസ് എടുക്കുമ്പോൾ പുറത്ത് മഴ പെയ്യുന്നത് . പി ടി പിരീഡിന് പുറത്ത് പോകാൻ പറ്റാതിരിക്കുന്നത് . അങ്ങനെ അങ്ങനെ...
കാലവർഷം പെയ്തു തുടങ്ങിയാൽ സ്‌കൂളിലേക്ക് പോകുന്ന വഴിക്കുള്ള പാടങ്ങൾ എല്ലാം നിറയും . റോഡിന്റെ ഇരുവശത്തും ഉള്ള പാടങ്ങൾ നിറഞ്ഞാൽ വെള്ളം റോഡ് മുറിച്ച് ഒഴുകാൻ തുടങ്ങും . അപ്പോൾ റോഡിലൂടെ മീനുകൾ ഇഴഞ്ഞു പോകുന്നത് കാണാം . ആളുകൾ അങ്ങനെ വരുന്ന മീനുകളെ പിടിക്കാനായി ഇറങ്ങും . റോഡിലൂടെ ഉള്ള മീനുകളുടെ പോക്കും ആളുകളുടെ മീൻ പിടുത്തവും നല്ല രസമുള്ള കാഴ്ചയാണ് .
മറ്റൊരു ഓർമ്മ കണ്ണുനീർ തുള്ളിയെ കുറിച്ചാണ് . മഴപെയ്താൽ വേലികളിൽ നിൽക്കുന്ന വള്ളികളിൽ ഉള്ള വേര് പോലെ ഉള്ള ഭാഗത്ത് ഒരുത്തുള്ളി വെള്ളം ഒട്ടിച്ചു വച്ചപോലെ പറ്റിപിടിച്ചു നിൽക്കും . അത് പറിച്ചെടുത്ത് കണ്ണിൽ പുരട്ടുമ്പോൾ ഉണ്ടാകുന്ന ഒരു കുളിര് പ്രത്യേക കുളിര് തന്നെ ആണ് . കണ്ണ് വൃത്തിയാക്കാൻ ഈ കണ്ണുനീർ തുള്ളി നല്ലതാണ് എന്നാണ് പറയാ . എന്തോ നല്ല സുഖമാണ് അത് കണ്ണിൽ പുരട്ടുമ്പോൾ .
ഇങ്ങനെ പോകുന്നു ഓർമ്മകൾ. ഇനിയും ഉണ്ട് ഒരുപാട് പറയാൻ . പിന്നീട് ഒരിക്കൽ എഴുതാം . ഇപ്പോഴത്തെ മഴയുടെ പ്രകൃതം കണ്ടപ്പോൾ പഴയ മഴക്കാലം ഓർത്ത് പോയതാണ് . കാലം മാറുമ്പോൾ എല്ലാം മാറുമല്ലോ . മഴയും .
This entry was posted on Monday, July 21, 2025 at 10:37 AM and is filed under പലവക, ലേഖനം. You can follow any responses to this entry through the RSS 2.0. You can leave a response.
- No comments yet.