ചീരാച്ചിയുടെ ഓര്‍മ്മകുറിപ്പുകള്‍-അമ്മ
Posted by വിശ്വസ്തന്‍ (Viswasthan) in കഥ on Sunday, October 23, 2011
രമണിയേച്ചിയെയാണ് ഞാന്‍ ആദ്യമായി അമ്മേ.. എന്ന് വിളിച്ചത് .ഓര്‍മയുടെ താളുകളില്‍ രമണിയേച്ചിയുടെ മാറില്‍ പറ്റിപിടിച്ചു കിടക്കുന്ന ഒരു കുഞ്ഞിന്റെ സുഖം ഇപ്പോഴും ഉണ്ട് .ബുദ്ധിയുറച്ച്
നടക്കാന്‍ തുടങ്ങിയപ്പോള്‍ ആരോ തന്നെപറ്റി പറയുന്നത് കേട്ടു,"അവന്‍ അമ്മയില്ലാത്ത കൊച്ചല്ലേ ."എന്ന് .വീട്ടില്‍ വന്നു രമണിയേച്ചിയോട് ചോദിച്ചപ്പോള്‍ പറഞ്ഞു ,"നീ എന്റെ മോനല്ലേ .ആരാ പറഞ്ഞെ ഞാന്‍ നിന്റെ അമ്മയല്ല എന്ന് ." രമണിയേച്ചി എന്റെ കവിളില്‍ തെരുതെരെ ചുംബിച്ചു .
ഒരു ദിവസം ചങ്ങാലി പുഴയുടെ താഴെ റെയില്‍ പാലത്തിനു താഴെ നില്‍ക്കുമ്പോള്‍ മേലാകെ വൃത്തികേടായി .അന്ന് അമ്മപറഞ്ഞു തന്നു ,"മോനെ തീവണ്ടി ഓടുമ്പോള്‍ പാലത്തിനു താഴെ നില്‍ക്കരുത് ,ചിലപ്പോള്‍ ട്രെയിന്‍ മൂത്രിക്കും."എന്ന് .അന്ന് അമ്മതന്നെ എന്റെ മേലുണ്ടായിരുന്ന അഴുക്കെല്ലാം തുടച്ചു വൃത്തിയാക്കി .പിന്നെ ഒരു ദിവസം പുഴയ്ക്കു മുകളിലൂടെ ഒരു തീവണ്ടി പോയപ്പോള്‍ അതില്‍ അമ്മയും ഉണ്ടായിരുന്നു .അമ്മ എന്തിനു പോകുന്നു ,എങ്ങോട്ട് പോകുന്നു എന്ന് എനിക്ക് പറഞ്ഞു തരാനുള്ള പ്രായം അന്ന് എനിക്ക് ഇല്ലായിരുന്നു .അമ്മ ഒരു കാര്യം മാത്രം പറഞ്ഞു ,"നിന്റെ അമ്മ ഒരു ദിവസം മടങ്ങിവരും ".
ആ ട്രെയിന്‍ അന്ന് അമ്മയെയും കൊണ്ട് എങ്ങോട്ടോ പോയി .അതില്‍ പിന്നെ ഞാന്‍ അമ്മയെ കണ്ടിട്ടില്ല .
വീടിന്റെ മുറ്റത്ത് തനിച്ചിരുന്ന എന്നെകണ്ട അമ്മിണിയേച്ചി ചോദിച്ചു,"ചീരാച്ചി എന്താ തനിച്ചിരിക്കുന്നത് "എന്ന് .
ഞാന്‍ പറഞ്ഞു ,"എന്റെ അമ്മ പോയി "
അമ്മിണിയേച്ചി പറഞ്ഞു ,"ചീരാച്ചി അമ്മിണിയേച്ചിടെ മോനല്ലേ "
അന്നുമുതല്‍ രാജനെ കൂടാതെ അമ്മിണിയേച്ചിക്ക് ഒരു മകനും കൂടി ആയി .രാജന് കപ്പ പുഴുങ്ങിയതും ചായയും കൊടുക്കുമ്പോള്‍ ഒരു കഷണം അമ്മിണിയേച്ചി എനിക്കും തന്നു .അമ്മിണിയേച്ചിക്ക് എന്നെ ഇഷ്ടമായിരുന്നെങ്കിലും രാജനെപോലെ എന്നെ ഇഷ്ടപെടനായില്ല .പക്ഷെ ഞാനും രാജനും നല്ല കൂടുകരായി മാറി .അമ്മിണിയേച്ചി തരാതെ മാറ്റിവച്ച സ്നേഹം രാജന്‍ എനിക്ക് പകുത്തു തന്നു .
വൈകാതെ എനിക്ക് ഒരു കാര്യം മനസിലായി .എനിക്ക് അമ്മയില്ല .രമണിയേച്ചിയും അമ്മിണിയേച്ചിയും എന്റെ അമ്മയല്ല .
ചങ്ങാലി പട്ടണത്തിന്റെ അരികിലൂടെ ഒഴുകിയിരുന്ന ചങ്ങാലി പുഴയാണ് ചങ്ങാലിക്കാര്‍ക്ക് എല്ലാം .ഒരു ദിവസം ചങ്ങാലി പുഴയെ നോക്കി ഞാന്‍ അമ്മേ ...എന്ന് ഉറക്കെ വിളിച്ചു .എന്റെ അമ്മ പുഴയുടെ ഏതോ കരയിലിരുന്നു വിളികേട്ടു .പിന്നെ ഞാന്‍ എന്തുണ്ടെങ്കിലും നേരെ അമ്മയുടെ അടുത്ത് വരും എല്ലാം അമ്മയോട് പറയും .രാത്രി ഞാനും അമ്മയും ആകാശത്ത് നക്ഷത്രങ്ങളെ നോക്കി കഥകള്‍ പറഞ്ഞു അങ്ങനെ കിടക്കും .ചിലപ്പോള്‍ അമ്മയുടെ മടിയില്‍ കിടന്നു തന്നെ ഞാന്‍ ഉറങ്ങും .അമ്മ എന്റെ നെഞ്ചിലൂടെ ഒരു തണുത്ത കാറ്റായി ഒഴുകി നടക്കും .
This entry was posted on Sunday, October 23, 2011 at 1:11 PM and is filed under കഥ. You can follow any responses to this entry through the RSS 2.0. You can leave a response.
#1 by Riyas marath - October 25, 2011 at 11:03 PM
Nice..!!
#2 by jyo.mds - November 4, 2011 at 11:33 AM
ചീരാച്ചിയെ അമ്മയെന്തേ ഉപേക്ഷിച്ചത്? കൊച്ച് കുട്ടിയുടെ മനസ്സ് നന്നായി വായിച്ചു.
#3 by വിശ്വസ്തന്‍ (Viswasthan) - November 4, 2011 at 7:00 PM
ഇതൊരു തുടരന്‍ ആണ് കാത്തിരിക്കൂ .