ഒരാൾ എങ്ങനെയാണ് ജനഹൃദയങ്ങൾ കീഴടക്കുന്നത് ?



ഒരാൾ എങ്ങനെയാണ് ജനഹൃദയങ്ങൾ കീഴടക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം അറിയാമെങ്കിൽ എല്ലാ നേതാക്കന്മാർക്കും ജനപ്രിയ നേതാക്കന്മാർ ആയി മാറാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇത് ഒരു ഉത്തരമില്ലാത്ത ചോദ്യമാണ്. ഇതിനുള്ള ഉത്തരം ജനങ്ങൾക്കുവേണ്ടി ജീവിച്ച് ആ പദവി നേടിയെടുക്കുക എന്നുള്ളത് മാത്രമാണ്. അങ്ങനെ ഒരു പദവി നേടിയെടുത്ത അപൂർവ്വം നേതാക്കളിൽ ഒരാളാണ് വിഎസ് അച്യുതാനന്ദൻ. അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ജീവിച്ചു, ജനങ്ങളുടെ ഇടയിൽ ജീവിച്ചു, അങ്ങനെ ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാവായി മാറി. സ്വന്തം പ്രശ്നത്തെക്കാൾ വലുതാണ് മറ്റുള്ളവരെ പ്രശ്നം എന്ന് ചിന്തിക്കണമെങ്കിൽ അയാളുടെ മനോനില അത്തരത്തിൽ ഉന്നതമായിരിക്കണം. വിഎസിന്റെ ജനപ്രീതിയാണ് ഇന്ന് അദ്ദേഹത്തിന്റെ ബൗദ്ധിക ശരീരം ഒരു നോക്ക് കാണാൻ ജനസാഗരങ്ങൾ അണിനിരക്കുന്നതിന് പിന്നിലുള്ള കാരണം. ഇനിയും ഇതുപോലുള്ള നേതാക്കൾ ഉണ്ടായിവരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുകൊണ്ട് പ്രിയ സമര സഖാവിന് വിട.

പെർഫെക്ഷനിസം



ഏത് കാര്യത്തിലും പൂർണ്ണതക്ക് വേണ്ടി വാദിക്കുന്നതിനെ ആണ് പെർഫെക്ഷനിസം എന്ന് വിളിക്കുന്നത്. ഇതിന് ഒരുപോലെ ഗുണവും ദോഷവും ഉണ്ട്.  ജോലിയിൽ ഇത് ഗുണകരമാണ് .  വ്യക്തിത്വത്തിൽ ഇത് കൂടിയാൽ ദോഷകരമാണ്.  ജോലിയിൽ ഇത് എങ്ങനെ ഗുണകരം ആകുന്നു എന്ന് നോക്കാം.  ചെയുന്ന ജോലി പെർഫെക്ഷനോടെ ചെയുന്നത്, ചെയുന്ന ആൾക്കും ചെയ്യിപ്പിക്കുന്ന ആൾക്കും ഗുണകരമാണ്.  എന്നാൽ ഇത് അമിതമായ തോതിൽ വ്യക്തിത്വത്തിൽ വന്നാൽ ഒരു ഭാരമായി മാറും .  

ഇത് എങ്ങനെ വ്യക്തിത്വത്തിൽ കടന്നു കൂടുന്നു എന്ന് നോക്കാം.  ചെറിയ പ്രായത്തിലാണ് ഇത് സംഭവിക്കുന്നത്. കൂടുതൽ പൂർണതയോടെ ചെയ്‌താൽ മാത്രമേ തനിക്ക് മൂല്യമുള്ളൂ എന്ന ചിന്ത മാതാപിതാക്കളിൽ നിന്നോ വിദ്യാലയത്തിൽ നിന്നോ കൂട്ടുകാരിൽ നിന്നോ കുട്ടികളിൽ കടന്നുകൂടുന്നു.  പൂർണ്ണത ചിന്ത എന്ന് പറയുന്നത് ഒരു തരം കളിയാണ്.  പൂർണത എന്നതിന് കൃത്യമായ ഒരു അവസാനം ഇല്ല.  തങ്ങളുടെ മൂല്യം ഉറപ്പിക്കാൻ പൂർണതക്കായ് ശ്രമിക്കുന്നവർ അവസാനമില്ലാത്ത ഒരു ലൂപ്പിൽ പെട്ടുപോകുകയാണ്. ഫലമോ ഒരു കാര്യത്തിലും തൃപ്തിയില്ലാതെ സ്വയം വിലകുറഞ്ഞവരായി കണ്ടു ജീവിക്കുകയും,  അതിനോട് അനുബന്ധിച്ച പ്രശ്നങ്ങൾ സ്വഭാവത്തിൽ കടന്ന് കൂടുകയും ചെയുന്നു.  

ചെറിയ പ്രായത്തിൽ കടന്നുകൂടുന്ന ഈ പ്രശ്നം പതിനെട്ട് വയസാകുന്നതോടെ സ്വഭാവത്തിൽ ഉറക്കുന്നു.  പിന്നീട് ഇത് ചികിൽസിച്ച് മാറ്റാൻ പ്രയാസം ആണ്.  അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ കുട്ടികൾക്ക് ഉണ്ട് എന്ന് തോന്നിയാൽ പതിനെട്ട് വയസ്സാകുന്നതിന് മുൻപ് ചികിത്സ തേടേണ്ടത് ആണ്.  ഇത് എങ്ങനെ തിരിച്ചറിയാം എന്ന് ചോദിച്ചാൽ 60% പെർഫെക്ഷൻ എല്ലാം നല്ലതാണ് .  അത് 100% ന്  വേണ്ടി വാശിപിടിക്കാൻ തുടങ്ങുമ്പോൾ,  അത് കാരണം പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങുമ്പോൾ, ഇതൊരു പേഴ്സണാലിറ്റി ഡിസോർഡർ ആയി കണക്കാക്കാം . 

മഴയും സ്‌കൂളും


മഴക്കാലത്തെ കുറിച്ചുള്ള സ്‌കൂൾഓർമ്മകൾ എന്ന് പറയുമ്പോൾ മനസിലേക്ക് ആദ്യം ഓടി വരുന്നത് ജൂൺ ഒന്നിന് രാവിലെ സ്‌കൂളിൽ പോകാൻ തുടങ്ങുമ്പോൾ പെയ്യുന്ന മഴയെ കുറിച്ചാണ് .  അതുവരെ ഒരു തുള്ളി പോലും പെയ്യാതെ നിന്ന് , എല്ലാ കുട്ടികളും സ്‌കൂളിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ കൃത്യമായി പെയ്യുന്ന മഴ .  സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഇട്ട പുത്തൻ ഉടുപ്പുകൾ എല്ലാം നനഞ്ഞുകൊണ്ട് ക്‌ളാസിലേക്ക് കയറി ചെല്ലുന്നത് .  ടീച്ചർ ക്‌ളാസ് എടുക്കുമ്പോൾ പുറത്ത് മഴ പെയ്യുന്നത് .  പി ടി പിരീഡിന് പുറത്ത് പോകാൻ പറ്റാതിരിക്കുന്നത് .  അങ്ങനെ അങ്ങനെ...

കാലവർഷം പെയ്തു തുടങ്ങിയാൽ സ്‌കൂളിലേക്ക് പോകുന്ന വഴിക്കുള്ള പാടങ്ങൾ എല്ലാം നിറയും . റോഡിന്റെ ഇരുവശത്തും ഉള്ള പാടങ്ങൾ നിറഞ്ഞാൽ വെള്ളം റോഡ് മുറിച്ച് ഒഴുകാൻ തുടങ്ങും .  അപ്പോൾ റോഡിലൂടെ മീനുകൾ ഇഴഞ്ഞു പോകുന്നത് കാണാം .  ആളുകൾ അങ്ങനെ വരുന്ന മീനുകളെ പിടിക്കാനായി ഇറങ്ങും . റോഡിലൂടെ ഉള്ള മീനുകളുടെ പോക്കും ആളുകളുടെ മീൻ പിടുത്തവും നല്ല രസമുള്ള കാഴ്ചയാണ് .  

മറ്റൊരു ഓർമ്മ കണ്ണുനീർ തുള്ളിയെ കുറിച്ചാണ് .  മഴപെയ്താൽ വേലികളിൽ നിൽക്കുന്ന വള്ളികളിൽ ഉള്ള വേര് പോലെ ഉള്ള ഭാഗത്ത് ഒരുത്തുള്ളി വെള്ളം ഒട്ടിച്ചു വച്ചപോലെ പറ്റിപിടിച്ചു നിൽക്കും .  അത് പറിച്ചെടുത്ത് കണ്ണിൽ പുരട്ടുമ്പോൾ ഉണ്ടാകുന്ന ഒരു കുളിര് പ്രത്യേക കുളിര് തന്നെ ആണ് .  കണ്ണ് വൃത്തിയാക്കാൻ ഈ കണ്ണുനീർ തുള്ളി നല്ലതാണ് എന്നാണ് പറയാ .  എന്തോ നല്ല സുഖമാണ് അത് കണ്ണിൽ പുരട്ടുമ്പോൾ . 

ഇങ്ങനെ പോകുന്നു ഓർമ്മകൾ. ഇനിയും ഉണ്ട് ഒരുപാട് പറയാൻ .  പിന്നീട് ഒരിക്കൽ എഴുതാം .  ഇപ്പോഴത്തെ മഴയുടെ പ്രകൃതം കണ്ടപ്പോൾ പഴയ മഴക്കാലം ഓർത്ത് പോയതാണ് . കാലം മാറുമ്പോൾ എല്ലാം മാറുമല്ലോ .  മഴയും . 

കുഴികളെ കുറിച്ച് ഒരു വിലാപഗാനം


 

മഴക്കാലത്ത് റോഡുകളിൽ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് , കുഴികൾ .  കുഴികളെ പൊതുവെ രണ്ടായി തരം തിരിക്കാം. സാധാരണ കുഴികൾ, മഴക്കാലത്ത് ഉണ്ടാകുന്ന സ്പെഷ്യൽ കുഴികൾ. സാധാരണ കുഴികളെ കുറിച്ച് ആരും ഒന്നും സംസാരിക്കാറില്ല .  എല്ലാവർക്കും ഇഷ്ട്ടം മഴക്കാല സ്പെഷ്യൽ കുഴികൾ ആണ് .  കാരണം മഴക്കാല സ്പെഷ്യൽ കുഴികളിൽ തങ്ങി നിൽക്കുന്ന ജലം തന്നെ .  മഴക്കാല കുഴികൾ ജല സംഭരണികൾ ആണ് .  അതുകൊണ്ടു തന്നെ വാഹനം ഓടിക്കുന്നവർക്ക് കുഴിയുടെ ആഴം കണ്ടെത്തുക അസാധ്യം ആണ് .  അതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങളും ഈ കുഴികളെ ശ്രദ്ധേയമാക്കുന്നു .  അതുകൊണ്ട് മഴക്കാല കുഴികളെ അപകടക്കുഴികൾ എന്നും പറയാം .  രണ്ട് ദിവസമായി മനോരമ കുഴികളെ കുറിച്ച് ഒരു പേജ് വാർത്ത കൊടുക്കുന്നുണ്ടെങ്കിൽ ഒന്ന് ഉറപ്പിക്കാം ,  കുഴികൾ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല .  കുഴികളെ പറ്റി ഭരണപക്ഷ അനുഭാവികളോട് ചോദിച്ചാൽ പറയും ,  "അതിപ്പോ ചന്ദ്രനിൽ വരെ കുഴിയില്ലേ. " എന്ന് .  ഭരണ പ്രതിപക്ഷങ്ങൾ പരസ്പരം കുറ്റപെടുത്തിയതുകൊണ്ട് റോഡിലെ കുഴി തനിയെ അടയാൻ പോകുന്നില്ല .  അതിന് എന്താണ് ഒരു പരിഹാരം എന്ന് നോക്കിയാൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നത് ,  മഴയ്ക്ക് മുൻപ് കുഴികൾ എല്ലാം അടക്കാൻ ഒരു ഓർഡർ പാസ്സാക്കുക എന്നതാണ് .  ഇനി മഴയ്ക്ക് ശേഷം ഉണ്ടാകുന്ന കുഴികൾക്കോ, അത് അടക്കാൻ ഒരു ടീമിനെ നിയമിക്കുക. ഇങ്ങനെ എന്തെങ്കിലും പ്രാവർത്തികമാകുന്ന പരിഹാരം  നടപ്പിലാക്കാനാണ് കുഴിയെ കുറ്റം പറയുന്നവർ ശ്രമിക്കേണ്ടത് .  അങ്ങനെ ചെയ്താൽ അവരുടെ പ്രവർത്തനം കൊണ്ട് ഒരു ഉപകാരം ഉണ്ടാകുകയും ചെയ്യും .  അടുത്ത കൊല്ലം ഇതേ സമരം ആവർത്തിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം .